ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കൂപ്പുകുത്തിയേക്കുമെന്ന് രഘുറാം രാജന്‍

ലണ്ടന്‍| VISHNU N L| Last Updated: വെള്ളി, 26 ജൂണ്‍ 2015 (17:19 IST)
ലോക സമ്പദ് വ്യവസ്ഥ 1930 ന് സമാനമായ ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക്
കൂപ്പുകുത്തിയേക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. മത്സര ബുദ്ധിയോടെ
കേന്ദ്ര ബാങ്കുകള്‍ സാമ്പത്തിക ആശ്വാസ നയങ്ങള്‍ പ്രഖ്യാപിക്കുന്നതിനാല്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നാണ് രഘുറാം രാജന്‍ ആശങ്കപ്പെട്ടത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ കേന്ദ്ര ബാങ്ക് കാഴ്ചപ്പാട് എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് രഘുറാം രാജന്‍ ആഗോള സമ്പത്ത് വ്യവസ്ഥയില്‍ ആശങ്കരേഖപ്പെടുത്തിയത്.

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികള്‍ ആഗോള പ്രശ്‌നമായി മാറുകയാണ്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകണം. അതിന് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചകള്‍ നടക്കണം. മുലധന ഒഴുക്കുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇത് മൂലധന ഒഴുക്കിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാകും.

ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. നിക്ഷേപം ത്വരിതപ്പെടുത്താന്‍ നിരക്കുകള്‍ കുറയ്‌ക്കേണ്ടത് ആവശ്യമാണെന്നും ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് രഘുറാം രാജന്‍ മറുപടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :