ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (17:13 IST)
ആഗോള ശക്തിയാകാന്‍ കുതിക്കുന്ന
ചൈന സാമ്പത്തിക് മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന് കണക്കുകള്‍. ചൈനയുടെ ആഭ്യന്തര ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ചൈനയില്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പ്രമുഖ മാര്‍ക്കറ്റ് സര്‍വ്വേ ഏജന്‍സിയായ എച്ച്എസ്ബിസിയുടെ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ചൈനീസ് നിര്‍മ്മാണ മേഖലയിലെ മാന്ദ്യത്തെപ്പറ്റി പരാമര്‍ശിക്കുന്നത്.
എച്ച്എസ്ബിസി പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് 49.2 ശതമാനമായി താഴ്ന്നു. പ്രതീക്ഷിച്ചിരുന്ന 49.6 ശതമാനത്തിലും കുറവാണിത്. സൂചിക 50 ല്‍ താഴെയാകുന്നത് സാമ്പത്തിക മേഖല നേരിടുന്ന വെല്ലുവിളികളുടെ സൂചനയായാണ് കരുതപ്പെടുന്നത്.വളര്‍ച്ചാ നിരക്ക് മന്ദഗതിയിലെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ചൈനീസ് ഓഹരിവിപണികളും നഷ്ടത്തിലാണ്. ഡോളറിന്റെ മൂല്യം ഉയരുകയും ചെയതിട്ടുണ്ട്.
ലോകത്തെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ന്നു വരുന്ന തകര്‍ച്ച ആഗോള സാമ്പത്തികരംഗത്തും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നു. പ്രമുഖ ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ ചൈന കുറവു വരുത്തിയതും ആശങ്കയോടെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു. 2008ലെ മാന്ദ്യത്തിനു ശേഷം ആദ്യമായാണ് ചൈന അടിസ്ഥാനനിരക്കുകള്‍ ഇത്രയും താഴ്ത്തി നിശ്ചയിക്കുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തിയതും നയരൂപീകരണത്തില്‍ ജാഗ്രത വേണമെന്ന സൂചനകള്‍ നല്‍കുന്നു.