കൊളംബസിന്റെ കപ്പല്‍ കണ്ടെത്തി!

ന്യൂയോര്‍ക്ക്| Last Modified വ്യാഴം, 15 മെയ് 2014 (09:55 IST)
പോര്‍ച്ചുഗീസ് നാവികന്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ കപ്പല്‍ കണ്ടെത്തി. അമേരിക്ക കണ്ടെത്താന്‍ നടത്തിയ യാത്രയില്‍ ഉപയോഗിച്ച വിശ്വവിഖ്യാതമായ കപ്പല്‍ കടലിനടിയില്‍ കണ്ടെത്തിയതായാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്‍. ഹെയ്തിക്ക് സമീപം കടലിനടിയിലുള്ള 19 മീറ്റര്‍ നീളമുള്ള കപ്പല്‍ അഞ്ച് നൂറ്റാണ്ട് മുമ്പ് മുങ്ങിയ സാന്റാമരിയ ആണെന്നാണ് നിഗമനം.

ലോകം ചുറ്റാനുള്ള യാത്രകളില്‍ ക്രിസ്റ്റഫര്‍ കൊളംബസ് ഉപയോഗിച്ചിരുന്ന തടിയില്‍ നിര്‍മ്മിച്ച മൂന്ന് കപ്പലുകളിലൊന്നായിരുന്നു സാന്റാമരിയ. മുന്ന് കപ്പലുകളില്‍ ഏറ്റവും വലുതും സാന്റാമരിയ തന്നെയായിരുന്നു. കൊളംബസിന്റെ ഡയറിയില്‍ നിന്ന് കിട്ടിയ വിവരങ്ങളും കപ്പല്‍ മുങ്ങിയ ഇടം കണ്ടെത്താന്‍ ബാരി ക്ലിഫോര്‍ഡിന് സഹായകമായി. ഏഷ്യയിലേക്ക് കടലിലൂടെയൊരു എളുപ്പമാര്‍ഗം കണ്ടെത്താന്‍ 1492ല്‍ കൊളംബസ് നടത്തിയ ശ്രമങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന കപ്പലുകളായിരുന്നു സാന്റ മരിയ, നൈന, പിന്റ എന്നിവ. അമേരിക്ക കണ്ടെത്തിയ ശേഷമുള്ള യാത്രയില്‍ കേടുപാടുകള്‍ സംഭവിച്ച് മുങ്ങാന്‍ തുടങ്ങിയ സാന്റാമരിയയെ ഉപേക്ഷിക്കാന്‍ കൊളംബസ് നിര്‍ബന്ധിതനാവുകയായിരുന്നു

സാന്റാമരിയയുടെ ചിത്രങ്ങളും മറ്റ് വിശദവിവരങ്ങളും കണക്കിലെടുക്കുമ്പോള്‍ കടലിനടിയില്‍ കണ്ടെത്തിയത് അതേ കപ്പല്‍ തന്നെയാണെന്ന് ആര്‍ക്കിയോളജിസ്റ്റ് ബാരി ക്ലിഫോര്‍ഡ് ഉറപ്പിച്ച് പറയുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്ലിഫോര്‍ഡിന്റെ കീഴിലുള്ള സംഘം ഹെയ്തിക്ക് അടുത്ത് കടലില്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരിച്ചിലില്‍ ആയിരുന്നു. കപ്പലിന്റെ അവശിഷ്ടങ്ങള്‍ തീരത്തെത്തിക്കാനായാല്‍ ഹെയ്തിയിലെ മ്യൂസിയത്തിലായിരിക്കും കപ്പല്‍ സൂക്ഷിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :