വാഷിങ്ടൺ|
സജിത്ത്|
Last Modified ശനി, 25 ഫെബ്രുവരി 2017 (12:21 IST)
വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് യു എസിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്ക്. വൈറ്റ് ഹൗസിനെ വിമർശിക്കുന്ന ന്യുയോർക് ടൈംസ്, സി.എൻ.എൻ, ദ ലോസ് ആഞ്ചലസ്, പൊളിറ്റികോ, ബസ് ഫീഡ്, ടൈംസ് എന്നീ മാധ്യമങ്ങളെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസറിന്റെ വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്.
വിലക്കേര്‍പ്പെടുത്തിയ വൈറ്റ് ഹൗസിന്റെ ഈ നടപടി ഇതിനകം തന്നെ വന്‍ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ടൈം മാഗസിൻ, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമങ്ങൾ വാർത്ത സമ്മേളനം ബഹിഷ്കരിച്ചു. വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിന് എല്ലാ ദിവസവും ക്യാമറ ആവശ്യമില്ലെന്ന് തന്റെ ഉദ്യോഗസ്ഥർ തീരുമാനിച്ചതായി സ്പൈസർ നേരത്തെ അറിയിച്ചിരുന്നു.
അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റത് മുതൽ ട്രംപ് മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തുന്നത്. എൻ.ബി.സി ന്യൂസ്, ന്യൂയോർക്ക് ടൈംസ്, സി.എൻ.എൻ, എ.ബി.സി, സി.ബി.സി എന്നീ മാധ്യമങ്ങൾ തന്റെ ശത്രുക്കളല്ല, എന്നാൽ അവർ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് അപ്രിയ ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകനെ ട്രംപ് ഇറക്കി വിട്ടതും വന്‍ വിവാദമയിരുന്നു.