രേണുക വേണു|
Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (08:02 IST)
ചൈനയിലെ പ്രധാന ഭക്ഷണ വിഭവമാണ് പന്നിയിറച്ചി. കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയില്‍ നിന്നാണെന്നും പന്നികളാണ് ആദ്യ രോഗവാഹകര്‍ എന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ചൈന ഇത്തരം ആരോപണങ്ങളെ നിഷേധിച്ചു. എങ്കിലും വൈറസ് ഭീതിയില്‍ തന്നെയാണ് ഇപ്പോഴും ചൈന. പന്നികളില്‍ നിന്ന് വൈറസ് ഉത്ഭവത്തിനു സാധ്യത മുന്നില്‍കണ്ട് ശക്തമായ പ്രതിരോധ നടപടികളാണ് ചൈനയില്‍ സ്വീകരിക്കുന്നത്.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 13 നിലകളിലായി പ്രത്യേക സജ്ജീകരണത്തോടെ പതിനായിരത്തിലേറെ പന്നികളെയാണ് ചൈന സൂക്ഷിച്ചിരിക്കുന്നത്. പന്നികള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദക്ഷിണ ചൈനയിലാണ് പന്നികള്‍ക്കായി 13 നില കെട്ടിടം. പൂര്‍ണമായും ശീതീകരിച്ച മുറികളാണ് പന്നികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ സെക്യൂരിറ്റി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കും വിലക്കുണ്ട്. മൃഗഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. ഭക്ഷണാവശ്യത്തിനുള്ള പന്നിയിറച്ചി വളരെ ശ്രദ്ധയോടെയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബയോ സെക്യൂരിറ്റിയുടെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയെന്നാണ് ചൈന വ്യക്തമാക്കുന്നത്. കൊറോണ വൈറസിന് മുന്‍പ് ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് വലിയൊരു ശതമാനം പന്നികളും ചൈനയില്‍ ചത്തൊടുങ്ങിയിരുന്നു. ഇത്തരം അവസ്ഥകളെ നേരിടാനാണ് ദക്ഷിണ ചൈനയില്‍ പന്നികള്‍ക്കായി 13 നില കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഹോഗ് ഹോട്ടലുകള്‍ എന്നാണ് ഇവ വിളിക്കപ്പെടുന്നത്. മുയാന്‍ ഫുഡ്‌സ്, ന്യൂ ഹോപ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് ദക്ഷിണ ചൈനയില്‍ ഈ ഹോഗ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്.