അഭിറാം മനോഹർ|
Last Modified ഞായര്‍, 16 മാര്‍ച്ച് 2025 (08:35 IST)
യെമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 15 ഹൂതികള്‍ കൊല്ലപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അസറുള്ള മീഡിയയാണ് അക്രമണത്തെപറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റെടുത്ത ശേഷം ഹൂതികള്‍ക്കെതിരായ നടപടി കടുപ്പിച്ചിരുന്നു. ഇസ്രായേലിനെതിരെ ഹൂതികള്‍ ആക്രമണം തുടങ്ങിവെച്ചതിനെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി.
ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന് ഹൂതികള്‍ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതെയാക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും അത് നടപ്പിലാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ വാണിജ്യകപ്പലുകളെ തടയാന്‍ തീവ്രവാദ ശക്തികളെ അനുവദിക്കില്ലെന്നും ഇറാന്‍ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം യു എസ് വ്യോമാക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഹൂതികള്‍ അല്‍ മസിറ ചാനലിലൂടെ പ്രഖ്യാപിച്ചു. ചെങ്കടല്‍ വഴി പോകുന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും കപ്പലുകളെ ലക്ഷ്യം വെയ്ക്കുമെന്നാണ് ഹൂതികള്‍ വ്യക്തമാക്കിയത്.