മാഡ്രിഡ്|
jibin|
Last Modified തിങ്കള്‍, 30 നവംബര്‍ 2015 (09:44 IST)
സ്പാനിഷ് ലീഗിൽ ബദ്ധവൈരികളായ ബാഴ്‌സലോണയോടേറ്റ വൻ തോൽവിയുടെ നാണക്കേടിൽ നിന്ന് താൽക്കാലിക മോക്ഷം നേടി റയൽ മഡ്രിഡ് വീണ്ടും വിജയവഴിയിൽ. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഗാരത് ബെയ്ലിന്റെയും ഗോളുകളുടെ മികവില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയൽ ഐബറിനെ തുരത്തിയത്.
43-മത് മിനിറ്റില്‍ ലൂക മോഡ്രിച്ചിന്റെ ക്രോസില്‍നിന്ന് ഗാരത് ബെയ്ല്‍ ഐബര്‍ വലകുലുക്കി. 82-മത് മിനിറ്റില്‍ പകരക്കാരന്‍ ലൂകാസ് വാസ്ക്വസിനെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ ലീഡ് ഇരട്ടിയാക്കി. ലീഗിൽ മുൻപിൽ നിൽക്കുന്ന ബാഴ്‌സലോണയ്‌ക്ക് ആറു പോയിന്റ് പിന്നിലാണ് റയൽ.
13 മൽസരങ്ങളിൽനിന്ന് 33 പോയിന്റുമായാണ് ബാഴ്‌സ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇത്രതന്നെ മൽസരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അത്‌ലറ്റിക്കോ മഡ്രിഡ് രണ്ടാമതും 27 പോയിന്റുമായി റയൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
ലീഗില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും റയല്‍ പരാജയപ്പെട്ടിരുന്നു. സെവിയ്യ, ബാഴ്സലോണ എന്നീ ടീമുകളോടായിരുന്നു റയലിന്റെ തോല്‍വി.