‘ചുവപ്പിൽ‘ പൊള്ളി കോപ അമേരിക്ക, മെസിക്ക് വിലക്ക്?

Last Modified ചൊവ്വ, 9 ജൂലൈ 2019 (14:37 IST)
ലയണൽ മെസിക്ക് വിലക്കിന് സാധ്യത. അർജന്റീന-ചിലി ലൂസേഴ‌്സ‌് ഫൈനലാണ‌് വിവാദത്തിന് കളമൊരുങ്ങിയത്. കളി അർജന്റീന 2–-1ന‌് ജയിച്ചെങ്കിലും മെസിയുടെ ചുവപ്പുകാർഡിൽ അവരുടെ ആഘോഷം മങ്ങി. എന്നാൽ, ഇതിനെതിരെ മെസി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ടൂർണമെന്റിൽ അഴ‌ിമതിയാണെന്നും കപ്പ‌് ബ്രസീലിനുവേണ്ടി ഉറപ്പിച്ചതാണെന്നും മെസി പറഞ്ഞു.

കളിയെ ബഹുമാനിക്കണമെന്നായിരുന്നു മെസിക്കുള്ള ലാറ്റിനമേരിക്കൻ ഫുട‌്ബോൾ ഫെഡറേഷന്റെ പരോക്ഷ മറുപടി. കളിയുടെ 37ആം മിനിറ്റിലാണ‌് മെസി ചുവപ്പുകാർഡ‌് കണ്ട‌് പുറത്തായത‌്. മത്സരശേഷം മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ മെസി ഇറങ്ങിയില്ല.

ആദ്യപകുതിക്ക് ശേഷം ഡിബാല നീട്ടിയടിച്ച പന്ത‌് പിടിച്ചെടുക്കാൻ മെസി ചിലി ബോ‌ക‌്സിലേക്ക‌് കുതിച്ചു. മുന്നിൽ മെദെൽ. ഇരുവരും പന്തിനായി പൊരുതി. മെദെൽ പന്ത‌് വിട്ടുകൊടുത്തില്ല. വരകടക്കുന്നതിനിടെ മെസി കൈകൊണ്ട‌് മെദെലിനെ തള്ളി. നിയന്ത്രണംവിട്ട ചിലി പ്രതിരോധക്കാരൻ
മെസിയെ നെഞ്ചുകൊണ്ട‌് കുത്തി. നാല‌് തവണയാണ‌് മെദെൽ അർജന്റീന ക്യാപ‌്റ്റനെ ശക്തമായി തള്ളിയത‌്. മെസി ഇരുകൈയും ഉയർത്തി പ്രതിരോധിച്ചുനിന്നു.

റഫറി ഓടിയെത്തി ഇരുവർക്കും ചുവപ്പുകാർഡ‌് വീശി. എന്നാൽ റീപ്ലേയിൽ മെസി മെദെലിനെ കാര്യമായി ഒന്നും ചെയ‌്തില്ലെന്ന‌് വ്യക്തമായിരുന്നു. അതേസമയം കോപാ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ കടുത്ത ഭാഷയിൽ വിമർശിച്ച മെസ്സിക്കെതിരേ കടുത്ത ശിക്ഷാ നടപടി കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോർട്ട്. മെസ്സിക്ക് കോൺമബോൾ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് പ്രശസ്ത സ്പോർട്സ് വെബ്സൈറ്റായ എ എസ് റിപ്പോർട്ട് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :