രേണുക വേണു|
Last Modified ഞായര്‍, 20 മാര്‍ച്ച് 2022 (22:19 IST)
ഐ.എസ്.എല്‍. കിരീടം ഹൈദരബാദ് എഫ്.സി.ക്ക്. ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഹൈദരബാദിന്റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 3-1 നാണ് ഹൈദരബാദിന്റെ ജയം.
ഷൂട്ടൗട്ടില്‍ കേരളത്തിന്റെ ആദ്യ രണ്ട് അവസരങ്ങളും പിഴച്ചു. ഹൈദരബാദ് ആദ്യ അവസരം ലക്ഷ്യത്തിലെത്തിച്ചു. ഹൈദരബാദിന്റെ രണ്ടാം അവസരം ലക്ഷ്യം കണ്ടില്ല. മൂന്നാമത്തെ അവസരം ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ 2-1 ന് ഹൈദരബാദ് മുന്നിലെത്തി. ബ്ലാസ്റ്റേഴ്‌സിന്റെ നാലാമത്തെ കിക്ക് ഹൈദരബാദ് ഗോളി തടഞ്ഞതോടെ കേരളത്തിന്റെ മഞ്ഞപ്പട തല താഴ്ത്തി. നാലാമത്തെ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹൈദരബാദ് 3-1 ന് മുന്നിലെത്തി.
നിശ്ചിത സമയത്ത് ആദ്യ ഗോള്‍ നേടിയത് കേരള ബ്ലാസ്റ്റേഴ്‌സാണ്. 68-ാം മിനിറ്റില്‍ മലയാളി താരം കെ.പി.രാഹുലിലൂടെയാണ് കേരളം മുന്നിലെത്തിയത്. കിരീടം ഉറപ്പിച്ച് മുന്നേറുന്നതിനിടെ ഹൈദരബാദിന്റെ സമനില ഗോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലയിലെത്തി. 88-ാം മിനിറ്റില്‍ സാഹില്‍ തവോറയാണ് ഹൈദരബാദിനായി നിര്‍ണായക സമനില ഗോള്‍ നേടിയത്. ഇതോടെ നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ മത്സരം അവസാനിച്ചു. എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഇത് മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍. ഫൈനലില്‍ തോല്‍ക്കുന്നത്.