കോപ്പ വിജയാഘോഷത്തിനിടെ ഫ്രാന്‍സിനെതിരായ വംശീയ അധിക്ഷേപം; അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസ് മാപ്പ് പറഞ്ഞു

വിവാദമായതോടെ എന്‍സോ സോഷ്യല്‍ മീഡിയയില്‍ ക്ഷമാപണം നടത്തി

രേണുക വേണു| Last Modified ബുധന്‍, 17 ജൂലൈ 2024 (09:05 IST)

വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ ചെല്‍സിയുടെ അര്‍ജന്റൈന്‍ മിഡ് ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് മാപ്പ് ചോദിച്ചു. അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയാഘോഷത്തിനിടെയാണ് ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ എന്‍സോ ഫെര്‍ണാണ്ടസ് വംശീയ അധിക്ഷേപം നടത്തിയത്. വിവാദമായതോടെ എന്‍സോ സോഷ്യല്‍ മീഡിയയില്‍ ക്ഷമാപണം നടത്തി.

' ദേശീയ ടീമിന്റെ വിജയാഘോഷത്തിനിടെ എന്റെ ഇന്‍സ്റ്റഗ്രാം ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നു. ആ പാട്ടില്‍ വളരെ മോശം ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ആ വാക്കുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് എനിക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. എല്ലാ തരത്തിലുള്ള വേര്‍തിരിവുകള്‍ക്കും എതിരെയാണ് ഞാന്‍. കോപ്പ അമേരിക്ക ആഘോഷത്തിനിടെ അപര വിദ്വേഷം പടര്‍ത്തുന്ന പ്രയോഗം നടത്തിയതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ആ വരികള്‍ എന്റെ വ്യക്തിത്വത്തിന്റെ പ്രകാശനമല്ല. മാപ്പ്' എന്നാണ് എന്‍സോയുടെ കുറിപ്പ്.

കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയ്‌ക്കെതിരെ വിജയം നേടിയതിനു പിന്നാലെ നടത്തിയ ആഹ്ലാദ പ്രകടനത്തിലാണ് എന്‍സോയും സഹതാരങ്ങളും വംശീയ പരാമര്‍ശം നടത്തിയത്. ' അവര്‍ ഫ്രാന്‍സില്‍ കളിക്കുന്നു, പക്ഷേ അവര്‍ അംഗോളയില്‍ നിന്നുള്ളവരാണ്, ട്രാന്‍സ് മനുഷ്യരോടൊപ്പം ഉറങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്നു, അവരുടെ അമ്മ നൈജീരിയന്‍ ആണ്, അച്ഛന്‍ കാമറൂണിയനും, പക്ഷേ പാസ്‌പോര്‍ട്ടില്‍ ഫ്രഞ്ച് എന്നും,' എന്നിങ്ങനെയുള്ള വംശീയ അധിക്ഷേപ പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :