'ഇത്രയും സെല്‍ഫിഷ് ആവരുത്, ഫുട്‌ബോളിന് ചേരാത്ത പ്രവൃത്തി'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം (വീഡിയോ)

മത്സരത്തിന്റെ 90 മിനിറ്റും പകരക്കാരന്റെ ബഞ്ചില്‍ റൊണാള്‍ഡോയ്ക്ക് ഇരിക്കേണ്ടി വന്നു

രേണുക വേണു| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (08:28 IST)

കളിക്കാന്‍ ഇറക്കാത്തതിന്റെ പരിഭവത്തില്‍ ഗ്രൗണ്ടില്‍ നിന്ന് പിണങ്ങിപ്പോയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രവൃത്തിയില്‍ രൂക്ഷ വിമര്‍ശനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോട്ടനം ഹോട്ട്‌സ്പറിനെതിരായ മത്സരത്തിനിടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരമായ റൊണാള്‍ഡോ ബഞ്ചില്‍ നിന്ന് ഇറങ്ങിപ്പോയത്. മത്സരത്തില്‍ 2-0 ത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിച്ചു.

മത്സരത്തിന്റെ 90 മിനിറ്റും പകരക്കാരന്റെ ബഞ്ചില്‍ റൊണാള്‍ഡോയ്ക്ക് ഇരിക്കേണ്ടി വന്നു. സബ് പ്ലെയറായി റൊണാള്‍ഡോയെ ഇറക്കിയതുമില്ല. ഇതില്‍ കുപിതനായാണ് മത്സരം അവസാനിക്കുന്നതിനു മുന്‍പ് റൊണാള്‍ഡോ ഡഗ്ഔട്ട് വിട്ടത്. നാല് മിനിറ്റ് ഇഞ്ചുറി ടൈം ശേഷിക്കെയാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്.
റൊണാള്‍ഡോയുടെ ഈ പ്രവൃത്തിക്കെതിരെ ഫുട്‌ബോള്‍ ലോകം രംഗത്തുവന്നിട്ടുണ്ട്. ഒരു നല്ല ഫുട്‌ബോള്‍ താരത്തിനു ചേരുന്ന പ്രവൃത്തിയല്ല ഇതെന്നാണ് ട്വിറ്ററില്‍ നിരവധി പേര്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാന്‍ റൊണാള്‍ഡോയ്ക്ക് അതൃപ്തിയുണ്ടെന്നും ക്ലബ് മാറുന്ന കാര്യം ആലോചനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :