രേണുക വേണു|
Last Modified ചൊവ്വ, 29 നവംബര്‍ 2022 (08:28 IST)
ഉറുഗ്വായ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും ജയിച്ച് ആറ് പോയിന്റുമായാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് പോര്‍ച്ചുഗലിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത്.
54-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. ഇടത് വിങ്ങിലൂടെ കയറിവന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് കിടിലന്‍ ഒരു ക്രോസിലൂടെ ഉറുഗ്വായ് പോസ്റ്റിലേക്ക് പന്ത് എത്തിക്കുകയായിരുന്നു. ഈ ക്രോസിനിടെ റൊണാള്‍ഡോയുടെ തല പന്തില്‍ ഉരസിയെന്നാണ് ഒറ്റ കാഴ്ചയില്‍ തോന്നുക. പന്ത് വലയിലെത്തിയ ഉടനെ റൊണാള്‍ഡോ ആഘോഷപ്രകടനവും ആരംഭിച്ചു.
താന്‍ നേടിയ ഗോള്‍ എന്ന നിലയിലാണ് റൊണാള്‍ഡോ ആഘോഷം നടത്തിയത്. എന്നാല്‍ ഈ ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് അര്‍ഹതപ്പെട്ടതാണെന്ന് ഫിഫ വിധിയെഴുതി. തന്റെ ഗോള്‍ അല്ലേയെന്ന് റൊണാള്‍ഡോ ആ സമയത്ത് സംശയിക്കുകയും ചെയ്തു.
എന്തായാലും ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ തന്റെ പേരിലാക്കാന്‍ റൊണാള്‍ഡോ ശ്രമിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍.