ഫിലാഡല്‍ഫിയ|
jibin|
Last Updated:
വെള്ളി, 10 ജൂണ്‍ 2016 (11:09 IST)
സമ്മര്‍ദ്ദം പിടികൂടിയാലും ഷമ നശിച്ചാലും നരഭോജി ആകുന്നതാണ് യുറഗ്വായുടെ സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ പതിവ്. കോപ്പ അമേരിക്കയില്‍ സ്വന്തം ടീം തോറ്റ് പുറത്തു പോകേണ്ടിവരുന്ന സാഹചര്യം സൈഡ് ബഞ്ചിലിരുന്നു കണ്ട സുവാരസ് ഇത്തവണ ആരെയും കടിച്ചില്ലെങ്കിലും പരിശീലകന് അടുത്തേക്ക് ചീറി അടുക്കകയും കുപ്പായം ഊരിയെറിയുകയും ചെയ്‌തു.
വെനസ്വേലയോട് അപ്രതീക്ഷിതമായി വഴങ്ങിയ ഗോള്‍ മടക്കാന്‍ ടീം ലക്ഷ്യമറിയാതെ ഉഴറുമ്പോഴായിരുന്നു കളത്തിന് പുറത്ത് സുവാരസിന്റെ രോഷപ്രകടനം. ടീം തോല്‍ക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങവെ പരുക്ക് കുഴപ്പമില്ലെന്നും കളത്തില്‍ ഇറക്കണമെന്ന തന്റെ ആവശ്യം പരിശീലകന്‍ ഓസ്‌ക്കര്‍ ടബരെസ് തള്ളിയതാണ് സുവാരസിനെ ചൊടുപ്പിച്ചത്.
84മത് മിനുറ്റില്‍ ആയിരുന്നു സുവാരസിന്റെ അരിശം അണപൊട്ടിയത്. ആദ്യം സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങള്‍ ധരിക്കുന്ന മേല്‍ക്കുപ്പായം ക്ഷോഭത്തോടെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞു. പിന്നെ എഴുന്നേറ്റ് ടബരെസിനടുത്തുചെന്ന് കയര്‍ത്തു. കോച്ച് സീറ്റില്‍ ചെന്നിരിക്കാന്‍ പറഞ്ഞതോടെ ക്ഷോഭം ഇരട്ടിയായ സുവാരസ് രോഷത്തോടെ കോച്ചിരുന്ന ചില്ല് കൂടിന് ഇടിച്ച് സീറ്റിലിരുന്നു.
കോപ്പ ഡെല്‍ റേയില്‍ ബാഴ്‌സയ്ക്കുവേണ്ടി കളിക്കുന്നതിനിടെയേറ്റ പരുക്കാണ് സുവാരസിന് പ്രശ്‌നമായത്. പരുക്ക് പൂര്‍ണമായി ഭേദമാവാത്ത സുവാരസ് കോപ്പയില്‍ കളിക്കാനുള്ള സാധ്യതയില്ലെന്ന് ടബരസ് നേരത്തെത്തന്നെ സൂചിപ്പിച്ചിരുന്നു. പരുക്കല്ല, ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മനസില്‍ വച്ചാണ് സുവാരസിനെ കളിപ്പിക്കാതെ കരയ്ക്കിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുതന്നെയാണ് സുവാരസിന്റെ രോഷത്തിന്റെ കാരണവും.
സുവാരസില്ലാതെ തുടർച്ചയായ രണ്ടാം മൽസരത്തിനിറങ്ങിയ യുറഗ്വായ് രണ്ടാം മൽസരവും തോറ്റ്
കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിൽനിന്ന് പുറത്താകുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെയെ വെനിസ്വേലയാണ് അട്ടിമറിച്ച് ക്വാർട്ടറിൽ പ്രവേശിച്ചത്. റോണ്ടൻ ജിമനസാണ് (36) വിജയികൾക്കായി ഗോൾ നേടിയത്.
സുവാരസ് ഇല്ലാതെ ഇറങ്ങിയിട്ടും ഗോളുകള്‍ അടിക്കാന്‍ ഉറുഗ്വെയ്‌ക്ക് നിരവധി അവസരമുണ്ടായിരുന്നുവെങ്കിലും എല്ലാം പാഴാക്കി സ്വയം തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു. മത്സരത്തിന്‍റെ ഭൂരിഭാഗവും പന്ത് കൈവശം വെച്ച അവ ഉറുഗ്വെ വെനിസ്വേല എന്ന യുവശക്തിക്ക് മുമ്പിൽ അടിതെറ്റുകയായിരുന്നു.
ഒട്ടേറെ അവസരങ്ങൾ ഒരുക്കിയെടുത്ത യുറഗ്വായ്ക്ക് അവയിലൊന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. സുവാരസിന്റെ അഭാവത്തിൽ യുറഗ്വായുടെ ആക്രമണം നയിച്ച എഡിസൺ കവാനിക്ക് അവസാന നിമിഷം ലഭിച്ച സുവർണാവസരം പാഴാക്കുന്നത് അവിശ്വസനീയതയോടെയാണ് കാണികൾ കണ്ടിരുന്നത്.