വികാരങ്ങള്‍ ഒളിപ്പിക്കാനാകാതെ ഷ്വാൻസ്റ്റെഗര്‍; സൂപ്പര്‍ താരത്തിന് വികാരഭരിതമായ യാത്രയയപ്പ് - വീഡിയോ കാണാം
ആരാധകരോട് കണ്ണീരോടെ വിടപറഞ്ഞ് ഷ്വാൻസ്റ്റെഗര്‍
ബെർലിൻ|
jibin|
Last Updated:
വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (14:36 IST)
അവസാന മത്സരത്തിനിറങ്ങിയ ജര്‍മന്‍ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ ബാസ്റ്റിൻ ഷ്വാൻസ്റ്റെഗറിന് വികാരഭരിതമായ യാത്രയയപ്പ്. പ്രീയതാരത്തിന്റെ വിടവാങ്ങല്‍ മത്സരം കാണുന്നതിനായി ആയിരക്കണക്കിനു പേര്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു.
ഫിൻലാൻഡിനെതിരായ സൗഹൃദ മത്സരത്തിന് ശേഷം ആരാധകരോട് കണ്ണീരോടെയാണ് ജര്‍മന്‍ താരം യാത്ര പറഞ്ഞത്. തന്റെ 121മത്തെയും അവസാനത്തെയും അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഷ്വാൻസ്റ്റെഗർ ആദ്യ 66 മിനിറ്റാണ് കളത്തിലിറങ്ങിയത്. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയെങ്കിലും രാജ്യത്തിനായി അവസാന മത്സരം കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർക്ക് അവസരം നൽകുകയായിരുന്നു.
എനിക്കു വേണ്ടി ഇവിടെ വന്നതിന് നന്ദി. ജർമനിക്കായി കളിക്കാനായത് വലിയ നേട്ടമായി കണക്കാക്കുന്നു. എല്ലാത്തിനും താൻ നന്ദിപറയുന്നുവെന്നും വിടവാങ്ങൽ പ്രസംഗത്തിനിടെ വികാരഭരിതനായി ഷ്വാൻസ്റ്റെഗർ പറഞ്ഞു.
നാലു യൂറോകപ്പുകളിലും മൂന്ന് ലോകകപ്പുകളിലും ജര്‍മനിക്കായി ബൂട്ടുകെട്ടിയ താരമാണ് ഷ്വെയ്ൻസ്റ്റീഗർ. 2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു. ഇക്കഴിഞ്ഞ യൂറോകപ്പിൽ ജർമനിയെ നയിച്ചത് ഷ്വെയ്ൻസ്റ്റീഗറായിരുന്നു. 1996നുശേഷം ആദ്യ യൂറോ കിരീടം ലക്ഷ്യമിട്ടെത്തിയ ജർമനി സെമിയിൽ ആതിഥേയരായ ഫ്രാൻസിനോട് തോൽക്കുകയായിരുന്നു.
മിഡ്ഫീല്‍ഡറായ ഷ്വെയ്ൻസ്റ്റീഗർ 2004ല്‍ ആണ് ദേശീയ ടീമിലെത്തുന്നത്. ജർമനിക്കായി 124 മല്‍സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍ നേടി.