സംരക്ഷകനായി മിഖായേല്‍, അദേനി മാജിക്കില്‍ ഒരു ഒന്നാന്തരം ത്രില്ലര്‍ !

മിഖായേല്‍ നിരൂപണം, മിഖായേല്‍ റിവ്യൂ, മിഖായേല്‍, മിഖായേല്‍ റിവ്യു, നിവിന്‍ പോളി, ഹനീഫ് അദേനി, മഞ്ജിമ, ഉണ്ണി മുകുന്ദന്‍, Mikhael Review, Mikhael, Mikhael Malayalam Movie Review, Mikhayel Film Review, Mikhael Malayalam Review, Nivin Pauly, Haneef Adeni, Manjima, Unni Mukundan
ജീവന്‍ സക്കറിയ| Last Modified വെള്ളി, 18 ജനുവരി 2019 (17:32 IST)
അടുത്തകാലത്ത് രണ്ട് തമിഴ് ചിത്രങ്ങള്‍ കണ്ടു. അജിത് നായകനായ വിശ്വാസം, രജനികാന്ത് നായകനായ പേട്ട എന്നിവ. രണ്ട് സിനിമയുടെയും കഥകള്‍ തമ്മില്‍ സമാനതയുണ്ട്. രണ്ടും അവരുടെ പ്രിയപ്പെട്ടവരെ വില്ലന്‍‌മാരില്‍ നിന്ന് സംരക്ഷിക്കാനായി ഏതറ്റം വരെയും ചെല്ലുന്ന സൂപ്പര്‍ ആക്ഷന്‍ ഹീറോകളുടെ കഥയാണ്.

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മലയാള ചിത്രം ‘മിഖായേല്‍’ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തി. ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയവും അതുതന്നെ. അയാളും തന്‍റെ കുടുംബത്തെ സംരക്ഷിക്കാന്‍ എന്തും ചെയ്യുന്ന ഒരു കാവല്‍ മാലാഖയാണ്.

ഡോക്ടര്‍ മിഖായേല്‍ ജോണ്‍ എന്ന നായക കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. വില്ലന്‍‌മാരുടെ ഒരു നിര തന്നെയുണ്ടെങ്കിലും സിദ്ദിക്ക് അവതരിപ്പിക്കുന്ന ജോര്‍ജ്ജ് പീറ്റര്‍, ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന മാര്‍ക്കോ ജൂനിയര്‍ എന്നിവരാണ് മുമ്പില്‍.

മിഖായേലിന്‍റെ കഥാതന്തുവിന് ‘വിശ്വാസം’ ചിത്രത്തിന്‍റെ കഥാതന്തുവുമായുള്ള സാദൃശ്യം വളരെയേറെയാണ്. എന്നാല്‍ ട്രീറ്റുമെന്‍റില്‍ ഹനീഫ് അദേനി വിശ്വാസത്തെ മറികടക്കുകയാണ് മിഖായേലില്‍. കഥ പറച്ചിലില്‍ ഈ കാലവും ഫ്ലാഷ്ബാക്കുമെല്ലാം കൂടിക്കുഴഞ്ഞാണെങ്കിലും അതീവ പ്രാഗത്ഭ്യത്തോടെ അദേനി ഒരു കണ്‍‌ഫ്യൂഷനുമില്ലാതെ കഥ പറഞ്ഞുനിര്‍ത്തുന്നു.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പഞ്ചുലൈനുകളാല്‍ സമൃദ്ധമാണ് മിഖായേല്‍. നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാല്‍ നിറഞ്ഞുനിന്ന സിനിമയില്‍ സമൂഹത്തിലെ വിവിധ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. കുറച്ച് സ്ക്രീന്‍ ടൈം മാത്രമാണുള്ളതെങ്കിലും മോഹന്‍ തനിക്കു ലഭിച്ച കഥാപാത്രത്തെ മികച്ചതാക്കി.

ജെപി, ജെ ഡി ചക്രവര്‍ത്തി, ബാബു ആന്‍റണി, കെ പി എ സി ലളിത, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വരുന്നു. ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതമാണ് ഈ ത്രില്ലര്‍ സിനിമയുടെ ഉള്‍ക്കരുത്ത്. വിഷ്ണു പണിക്കരുടെ ഛായാഗ്രഹണവും സൂപ്പര്‍.

റേറ്റിംഗ്: 3.75/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :