രേണുക വേണു|
Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (10:08 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഐശ്വര്യ ഭാസ്‌കര്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ നായികയായി ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ശാന്ത മീന എന്നായിരുന്നു താരത്തിന്റെ പേര്. സിനിമയില്‍ എത്തിയ ശേഷം താരം പേര് മാറ്റുകയായിരുന്നു. 1971 മേയ് 23 ന് ജനിച്ച ഐശ്വര്യയ്ക്ക് 52 വയസ്സ് കഴിഞ്ഞു.
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം. അതിനുശേഷം മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചു. സിനിമക്ക് പുറമേ സീരിയലിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ജാക്ക്പോട്ട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചതിലൂടെ ഐശ്വര്യ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഐശ്വര്യയുടെ വ്യക്തിജീവിതം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. 1994 ല്‍ തന്‍വീര്‍ എന്ന യുവാവുമായി ഐശ്വര്യ അടുപ്പത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിനു വേണ്ടി ഐശ്വര്യ മതം മാറുകയും ചെയ്തു. എന്നാല്‍, തന്‍വീറുമായുള്ള ബന്ധം അധികം നീണ്ടുനിന്നില്ല. 1996 ല്‍ തന്‍വീറും ഐശ്വര്യയും വേര്‍പിരിഞ്ഞു. ഡിവോഴ്സ് ഐശ്വര്യയെ മാനസികമായി തളര്‍ത്തി. വിവാഹബന്ധം തകര്‍ന്നതോടെ ഐശ്വര്യ ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടു. പിന്നീട് റിഹാബിലിറ്റേഷനിലൂടെയാണ് ഐശ്വര്യ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ലഹരിയുടെ അടിമത്തത്തില്‍ നിന്ന് പുറത്തുകടന്ന ഐശ്വര്യ മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കുകയും എന്‍ഐടിയില്‍ ജോലി സമ്പാദിക്കുകയും ചെയ്തു. സുരേഷ് ചന്ദ്ര മേനോന്‍ നിര്‍മിക്കുന്ന ഒരു സീരിയലിലൂടെ ഐശ്വര്യക്ക് വീണ്ടും അവസരം നല്‍കിയത് സുഹൃത്തും നടിയുമായ രേവതിയാണ്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു ഐശ്വര്യ. പിന്നീട് പ്രജയിലും മോഹന്‍ലാലിന്റെ നായികാവേഷം അവതരിപ്പിച്ചു. അനൈന എന്ന ഒരു മകളും താരത്തിനുണ്ട്.