'വാതില്‍ ചവിട്ടിതുറന്ന് മമ്മൂട്ടി എന്റെ മുറിയിലേക്ക് കടന്നു, അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ജീവിച്ചിരിക്കില്ല'; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവം വെളിപ്പെടുത്തി നടി ഉണ്ണിമേരി

രേണുക വേണു| Last Modified ഞായര്‍, 10 ഏപ്രില്‍ 2022 (16:28 IST)

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ഉണ്ണിമേരി. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഉണ്ണിമേരി അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍വെച്ച് താന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച കാര്യം വെളിപ്പെടുത്തുകയാണ് ഉണ്ണിമേരി ഇപ്പോള്‍.

ഐ.വി.ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് സംഭവം. മമ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. താനും മമ്മൂട്ടിയും അടക്കമുള്ള അഭിനേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍വെച്ച് ഉണ്ടായ സംഭവമാണ് ഉണ്ണിമേരി വെളിപ്പെടുത്തിയത്.

'ഞാനും മമ്മൂട്ടിയുമടക്കമുള്ളവര്‍ താമസിച്ചിരുന്നത് ഒരേ ഹോട്ടലിലാണ്. ഒരു ദിവസം എന്റെ അച്ഛന്‍ ഹോട്ടലില്‍ എന്നെ കാണാന്‍ വേണ്ടി വന്നു. പക്ഷെ അന്ന് അവിടെയുള്ളവര്‍ അച്ഛനെ അകത്തേക്ക് കടത്തിവിട്ടില്ല. എത്ര അപേക്ഷിച്ചിട്ടും പ്രായമായ എന്റെ അച്ഛന് വളരെ മോശം അനുഭവം അവിടെ നിന്ന് നേരിടേണ്ടി വന്നു.എന്നെ കാണാനാവാത്ത സങ്കടത്തില്‍ അച്ഛന് മടങ്ങി പോകേണ്ടി വന്നു. വിവരം അറിഞ്ഞപ്പോള്‍ എനിക്ക് സത്യത്തില്‍ സങ്കടം സഹിക്കാനായില്ല. മുറിയില്‍ കയറിയിരുന്നപ്പോള്‍ വേണ്ടാത്ത ചിന്തകള്‍ വരാന്‍ തുടങ്ങി. അപമാനിക്കപ്പെട്ട അച്ഛനെ ഓര്‍ത്തപ്പോള്‍ എനിക്ക് സ്വയം ഇല്ലാതാവാന്‍ പോലും തോന്നി,'

'അപ്പോഴത്തെ ഒരു തോന്നലിന് ഞാന്‍ ഉറക്ക ഗുളികകള്‍ എടുത്ത് അപ്പോള്‍ കഴിച്ചു. എന്നെ കാണാതായപ്പോള്‍ ആളുകള്‍ അവിടേക്ക് വന്നു. അവരെത്ര വിളിച്ചിട്ടും ഞാന്‍ വാതില്‍ തുറക്കാതായപ്പോള്‍ പ്രിയനടന്‍ മമ്മൂട്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ആശുപത്രിയില്‍ എത്തിച്ചു. അന്ന് മമ്മൂട്ടി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനില്ല,' ഉണ്ണിമേരി വേദനയോടെ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :