'നിങ്ങള്‍ ദയവുചെയ്ത് എന്റെ കല്യാണത്തിനു വരരുത്'; ശ്രീനിവാസന്‍ മമ്മൂട്ടിയോട് തറപ്പിച്ചു പറഞ്ഞു !

രേണുക വേണു| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (09:59 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. വിമലയാണ് ശ്രീനിവാസന്റെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിമലയെ വിവാഹം കഴിക്കുന്ന സമയത്ത് തന്റെ കൈയില്‍ താലി വാങ്ങാന്‍ പോലുമുള്ള പൈസ ഉണ്ടായിരുന്നില്ലെന്നും സിനിമയിലെ സുഹൃത്തുക്കളാണ് അന്ന് തന്നെ സഹായിച്ചതെന്നും ശ്രീനിവാസന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

'ഒരു കഥ ഒരു നുണക്കഥ' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയുമാണ് സിനിമയുടെ നിര്‍മാതാക്കള്‍. തിരക്കഥ എഴുതിയത് ശ്രീനിവാസനും ഇന്നസെന്റും ചേര്‍ന്നാണ്. പ്രതിഫലം തരാന്‍ പോലും പൈസയില്ലാത്ത സമയമായിരുന്നു അതെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു. താന്‍ നാട്ടിലേക്ക് പോകുകയാണെന്നും രജിസ്റ്റര്‍ വിവാഹം നടത്തുമെന്നും ശ്രീനിവാസന്‍ ഇന്നസെന്റിനോട് പറഞ്ഞു. ഇന്നസെന്റിന്റെ കൈയില്‍ പണമില്ലാത്ത സമയമാണ്. അതുകൊണ്ട് തന്നെ ശ്രീനിവാസന്‍ കല്യാണം നടത്താന്‍ ആവശ്യമായ പണമൊന്നും ചോദിച്ചില്ല. എങ്കിലും വീട്ടിലേക്ക് പോകുമ്പോള്‍ ഇന്നസെന്റ് കുറച്ച് പണം ശ്രീനിവാസന്റെ കൈയില്‍ കൊടുത്തു. 'പോയി കല്യാണം കഴിച്ചുവാ' എന്ന് ഇന്നസെന്റ് പറഞ്ഞു. കൈയില്‍ പണമൊന്നും ഇല്ലായിരുന്നല്ലോ എന്ന് ശ്രീനി ഇന്നസെന്റിനോട് ചോദിച്ചു. ഭാര്യ ആലീസിന്റെ രണ്ട് വള വിറ്റുകിട്ടിയ കാശാണ് ഇതെന്നും കല്യാണം ഭംഗിയായി നടക്കട്ടെയെന്നും ഇന്നസെന്റ് തന്നോട് പറയുകയായിരുന്നെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു.

അക്കാലത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. വീടും പറമ്പുമെല്ലാം ജപ്തി ചെയ്തു പോയ സമയമാണ്. ബന്ധുക്കളെയെല്ലാം വിളിച്ച് വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ആരും വരരുതെന്നും താന്‍ പറഞ്ഞിരുന്നതായി ശ്രീനിവാസന്‍ ഓര്‍ക്കുന്നു. വിവാഹത്തിനു സ്വര്‍ണത്തിന്റെ താലി കെട്ടണമെന്ന് ശ്രീനിവാസന്റെ അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. എന്നാല്‍, കൈയില്‍ പണമില്ല എന്നു പറഞ്ഞ് ശ്രീനിവാസന്‍ ഒഴിഞ്ഞുമാറി. സ്വര്‍ണ താലി വേണമെന്ന വാശിയില്‍ ശ്രീനിവാസന്റെ അമ്മ ഉറച്ചുനിന്നു. ഒടുവില്‍ സ്വര്‍ണ താലി വാങ്ങാന്‍ പണമുണ്ടാക്കാനുള്ള ഓട്ടത്തിലായി ശ്രീനിവാസന്‍.

ആ ഓട്ടം മമ്മൂട്ടിയുടെ അടുത്താണ് അവസാനിച്ചത്. കണ്ണൂരില്‍ അതിരാത്രം സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. തന്റെ കല്യാണമാണെന്നും രണ്ടായിരം രൂപയുടെ ആവശ്യമുണ്ടെന്നും ശ്രീനിവാസന്‍ മമ്മൂട്ടിയോട് പറഞ്ഞു. സ്വര്‍ണത്തിന്റെ താലി കെട്ടണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമാണെന്ന കാര്യവും ശ്രീനിവാസന്‍ മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടി ശ്രീനിവാസന് പണം നല്‍കി സഹായിച്ചു. പണം നല്‍കുന്നതിനൊപ്പം ശ്രീനിവാസനോട് മമ്മൂട്ടി ഒരു കാര്യവും പറഞ്ഞു. രജിസ്റ്റര്‍ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് താനും വരുമെന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞത്. എന്നാല്‍, കല്യാണത്തിനു മമ്മൂട്ടി വരരുതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. മമ്മൂട്ടിയെ ആളുകള്‍ കണ്ടാല്‍ കല്യാണം കലങ്ങുമെന്ന പേടിയായിരുന്നു ആ സമയത്ത് തനിക്കുണ്ടായിരുന്നതെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :