നിഹാരിക കെ എസ്|
Last Modified വ്യാഴം, 12 ഡിസംബര്‍ 2024 (17:18 IST)
നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുയർന്ന തർക്കത്തിൽ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നയൻതാരയെ കൂടാതെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ, നെറ്റ്ഫ്‌ളിക്‌സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നയൻതാര ബിയോണ്ട് ദ ഫെയ്‌റി ടെയ്ൽ എന്ന ഡോക്യുമെന്ററിയിൽ നയൻതാര പകർപ്പവകാശം ലംഘിച്ചു എന്നാണ് ധനുഷിന്റെ ഹർജി.
നാനും റൗഡി താൻ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനാണ് ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. 3 സെക്കന്റ് രംഗത്തിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടതോടെ ധനുഷിനെതിരായ നയൻതാര തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് വിവാദമായിരുന്നു. ധനുഷ് നിയമപരമായി മുന്നോട്ട് പോവുകയായിരുന്നു.
എന്നാൽ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്ന് ലഭിച്ചതാണെന്നും സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ അല്ലെന്നുമാണ് നയൻതാരയുടെ അഭിഭാഷകൻ വ്യക്തമാക്കിയത്. 24 മണിക്കൂറിനുള്ളിൽ ഡോക്യുമെന്ററിയിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണം എന്നായിരുന്നു ധനുഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. കോപ്പിറൈറ്റ് വിഷയം മാത്രമല്ല, വർഷത്തോളമായുള്ള ഈഗോ പ്രശ്നമാണ് ഇവർക്കിടയിൽ എന്ന ചർച്ചകൾ എത്തിയിരുന്നു.