നിഹാരിക കെ എസ്|
Last Modified വ്യാഴം, 12 ഡിസംബര്‍ 2024 (10:20 IST)
പ്രഭുദേവ, ചിമ്പു തുടങ്ങിയ നടന്മാരുമായി പ്രണയത്തിലായിരുന്നപ്പോൾ അത് ഒളിപ്പിച്ച് വെക്കാൻ നയൻതാര ശ്രമിച്ചിട്ടില്ല. പൊതുസമൂഹത്തിന് അറിയാവുന്ന രീതിയിൽ തന്നെയായിരുന്നു ഇവരുടെ പ്രണയം. എന്നാൽ, നയൻതാരയെ മറ്റ് പല നടന്മാരുടെ കൂടെയും പേര് ചേർത്ത് ഗോസിപ്പുകൾ വന്നു. ആദ്യമൊക്കെ നടിക്ക് ഇത് പ്രയാസമായിരുന്നു. തന്നെയും കുടുംബത്തെയും ഈ വാർത്തകൾ ഒരുപാട് വിഷമിപ്പിച്ചിരുന്നെന്ന് നയൻതാര തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
പ്രഭുദേവയുമായുള്ള പ്രണയകാലത്ത് നയൻതാരയ്ക്ക് നേരെ കടുത്ത ആക്ഷേപങ്ങൾ വന്നിരുന്നു. ഈ ബന്ധം തകർന്ന് സിനിമാ ലോകത്ത് നിന്നും കുറച്ച് കാലം മാറി നിന്ന നയൻതാര പിന്നീട് രാജ റാണി എന്ന സിനിമയിലൂടെയാണ് പഴയ താരമൂല്യം തിരിച്ചെടുക്കുന്നത്. ആര്യയായിരുന്നു ചിത്രത്തിലെ നായകൻ. ഇരുവരും നേരത്തെ ബോസ് എങ്കിര ഭാസ്കർ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രാജാ റാണി വൻ ഹിറ്റായി. താരങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും പ്രശംസിക്കപ്പെട്ടു.
സിനിമ റിലീസ് ആകരുന്നതിന് മുന്നേ തന്നെ ഇവരെ കുറിച്ച് ഗോസിപ്പുകൾ വന്നു. അതിന് കാരണം, സിനിമ പ്രൊമോഷൻ വേണ്ടി തയ്യാറാക്കിയ ഒരു 'വിവാഹക്ഷണക്കത്ത്' ആയിരുന്നു. താരങ്ങളുടെ വിവാഹമെന്ന പേരിൽ വിവാഹക്ഷണക്കത്ത് പ്രചരിച്ചു. ഇത് വലിയ ചർച്ചയായതോടെ നയൻതാരയുടെ മാനേജർ വിശദീകരണം നൽകി. രാജ റാണിയുടെ പബ്ലിസിറ്റിക്ക് വേണ്ടിയുണ്ടാക്കിയതാണിതെന്നും യഥാർത്ഥത്തിലുള്ള വിവാഹ ക്ഷണക്കത്തല്ലെന്നും മാനേജർ വ്യക്തമാക്കി.
ആര്യ നയൻതാരയുടെ അടുത്ത സുഹൃത്താണ്. അക്കാലത്ത് ആര്യയുടെ ഗൃഹപ്രവേശ ചടങ്ങിന് നയൻതാരയെത്തിയെന്നും കേക്ക് മുറിച്ചെന്നും വാർത്ത വന്നു. ആര്യയുടെ അനുജൻ സത്യയുടെ ആദ്യ സിനിമയുടെ ഇവന്റിന് ആര്യയുടെ ക്ഷണ പ്രകാരം നയൻതാരയെത്തി. ഇതെല്ലാം ഗോസിപ്പുകൾക്ക് കാരണമായി. എന്നിരുന്നാലും തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്ന് ആര്യ തുറന്നു പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി നയൻതാരയും ആര്യയും ഒരുമിച്ച് അഭിനയിച്ചിട്ട്. ഇവരെ വീണ്ടും ബിഗ് സ്ക്രീനിൽ ഒരുമിച്ച് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.