മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'റാം' ഉപേക്ഷിച്ചോ?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അതിഥിയായി എത്തിയപ്പോഴാണ് ജീത്തു റാമിനെ കുറിച്ച് സംസാരിച്ചത്

രേണുക വേണു| Last Modified ശനി, 8 ജൂണ്‍ 2024 (11:15 IST)

ദൃശ്യത്തില്‍ തുടങ്ങി നേരില്‍ എത്തി നില്‍ക്കുന്ന സൂപ്പര്‍ഹിറ്റ് കോംബോയാണ് മോഹന്‍ലാലും ജീത്തു ജോസഫും. ഇരുവരും ഒന്നിക്കുന്ന 'റാം' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ കുറേ നാളുകളായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് 'റാം' പകുതിയില്‍ വെച്ച് നിന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ റാം സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അതിഥിയായി എത്തിയപ്പോഴാണ് ജീത്തു റാമിനെ കുറിച്ച് സംസാരിച്ചത്. റാമിനു വേണ്ടി കാത്തിരിക്കുകയാണെന്നും അത് പുനരാരംഭിക്കാനുള്ള ആലോചനയില്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജീത്തു പറഞ്ഞു. ' അടുത്ത മാസമെങ്കിലും തുടങ്ങണം എന്ന പ്രതീക്ഷയിലാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ബാക്കി പ്രൊജക്ടുകളൊക്കെ ഞാന്‍ തള്ളിവച്ചിരിക്കുന്നത്. കാരണം അതൊരു പ്രയോറിറ്റിയാണ്. അത്രയും ഇന്‍വെസ്റ്റ് ചെയ്ത നിര്‍മ്മാതാക്കളെ നമ്മള്‍ പിന്തുണയ്ക്കണമല്ലോ,' ജീത്തു ജോസഫ് പറഞ്ഞു.

രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന റാമില്‍ തെന്നിന്ത്യന്‍ താരം തൃഷയാണ് നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സംയുക്ത മേനോന്‍, സിദ്ദിഖ്, അനൂപ് മേനോന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :