aparna shaji|
Last Updated:
വ്യാഴം, 24 നവംബര്‍ 2016 (15:45 IST)
നോട്ട് നിരോധനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അനുകൂലിച്ച് നടൻ
മോഹൻലാൽ എഴുതിയ ബ്ലോഗ് വിവാദമായിരുന്നു. പല മേഖലയിലും ഉള്ളവർ താരത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിലും അല്ലാതേയും താരത്തിനെതിരേയുള്ള പ്രതിഷേധം ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ മേജർ രകി രംഗത്തെത്തിയിരിക്കുകയാണ്.
എന്തിന്റെ പേരിലാണ് ആളുകൾ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മേജർ രവി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു നടൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതിന് ഇത്രമാത്രം കോലാഹലം ഉണ്ടാക്കേണ്ട ആവശ്യമെന്താണ്?. അഭിപ്രായം പറയുന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ അമ്മയേയും അച്ഛനെയും വരെ പറയുന്ന രീതിയിലേക്ക് വിമർശനങ്ങൾ പോകുന്നത് സംസ്കാരശൂന്യമാണെന്നും മേജർ രവി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലങ്ങളെല്ലാം മോഹൻലാൽ അറിയുന്നുണ്ടെന്നും അദ്ദേഹവുമായി സംസാരിച്ചുവെന്നും മേജർ രവി പറയുന്നു. കുറേ ആളുകൾ എന്തൊക്കെയോ പറയുന്നു ഇതിൽ പ്രതികരിച്ച് നമ്മുടെ മൂഡ് കളയേണ്ട കാര്യമില്ല എന്നാണ് ലാൽ പറഞ്ഞതത്രേ. ബി ജെ പി എന്ന പാർട്ടിയെ അല്ല മോദി എന്ന വ്യക്തിയെയാണ് ലാൽ പിന്തുണച്ചിരിക്കുന്നതെന്നും മേജർ രവി പറയുന്നു.