Rijisha M.|
Last Modified ബുധന്‍, 20 ജൂണ്‍ 2018 (12:05 IST)
ജബ്ബാർ പട്ടേൽ സംവിധാനം ചെയ്‌ത് മമ്മൂട്ടി ചരിത്രപുരുഷനായെത്തിയ ഫീച്ചർ ഫിലിമായിരുന്നു 'ഡോ ബി ആര്‍ അംബേദ്കർ'. മമ്മൂട്ടിയുടെ സിനിമാ ജീവിതം തന്നെ മാറ്റിമറിച്ചൊരു ചിത്രമായിരുന്നു അത്. ചിത്രീകരണത്തിനിടയിലും സിനിമ റിലീസായതിന് ശേഷവും തനിക്ക് അവിസ്‌മരണീയമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി.
"ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമയം സ്യൂട്ടും കോട്ടുമൊക്കെ ഇട്ടൊരു മനുഷ്യന്‍ ദൂരെ നിന്നു നടന്നു വരികയാണ്. ഞാന്‍ അംബേദ്കറിനെ പോലെ വേഷം ധരിച്ച് അയാളുടെ എതിര്‍ ദിശയിലൂടെ വരുന്നുണ്ടായിരുന്നു. അയാൾ കുറച്ചു നേരം എന്നെ നോക്കി പകച്ചു നിന്നു. പിന്നീട് പെട്ടെന്ന് അയാള്‍ കരഞ്ഞു കൊണ്ട് വന്ന് എന്റെ കാലില്‍ വീണു. ഞാനാകെ ഞെട്ടിപ്പോയി, സംഭവിക്കുന്നത് എന്താണെന്നതിനെക്കുറിച്ച് ഒരു ഊഹവും എനിക്ക് കിട്ടിയില്ല. ഉടനെ അയാള്‍ പറഞ്ഞു 'ഞാന്‍ കണ്ടില്ല ബാബ സാഹേബ് നിങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന്, എന്നോട് ക്ഷമിക്കണം'. അംബേദ്കര്‍ അവര്‍ക്കിടയില്‍ ദൈവം തന്നെയാണെന്ന് അതോടെ എനിക്ക് മനസ്സിലായി"- മമ്മൂട്ടി പറഞ്ഞു.
മികച്ച നടനുള്ള പുരസ്‌കാരം 1999-ലെ ദേശീയ അവാർഡിൽ മമ്മൂട്ടിക്ക് നേടിക്കൊടുത്ത ചിത്രമായിരുന്നു 'ഡോ ബി ആര്‍ അംബേദ്കർ'. മാഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്ധ്രപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈ എസ് ആറായി തെലുങ്ക് ചിത്രത്തില്‍ വേഷമിടാനൊരുങ്ങുകയാണ് താരം.