ചിപ്പി പീലിപ്പോസ്|
Last Modified ഞായര്‍, 12 ജനുവരി 2020 (11:41 IST)
നിരവധി പുതുമുഖ സംവിധായകരെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ മെഗാസ്റ്റാറാണ് മമ്മൂട്ടി. ലാൽ ജോസ്, ആഷിഖ് അബു തുടങ്ങി നിരവധി പുതുമുഖങ്ങൾ മമ്മൂട്ടിയെ വെച്ചാണ് തങ്ങളുടെ ആദ്യ
സിനിമ ഒരുക്കിയത്. മലയാള സിനിമയിൽ പുതുമുഖ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയ നായക നടൻ ഒരുപക്ഷേ മമ്മൂട്ടി ആയിരിക്കും.
പുതുമകള്‍ക്കൊപ്പമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും. വലിയ പുതുമകള്‍ കൊണ്ടുവരാന്‍ കഴിയുന്നത് പുതുമുഖങ്ങള്‍ക്കാണെന്നും മമ്മൂട്ടിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് പുതുമുഖ സംവിധായകരെ മമ്മൂട്ടി എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. 70ലധികം നവാഗത സംവിധായകരെയാണ് മമ്മൂട്ടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. അക്കൂട്ടത്തിൽ ഇപ്പോൾ പുതിയത് ജോഫിൻ ടി ചാക്കോ ആണ്.
ദ പ്രീസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ജോഫിൻ സംവിധായകനാവുകയാണ്. മമ്മൂട്ടിയാണ് കൈ പിടിച്ചുയർത്തിയിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ഒരു പുരോഹിതനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
ബ്ലെസി, ലാല്‍ ജോസ്, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, വൈശാഖ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി മമ്മൂട്ടി കൊണ്ടുവന്ന സംവിധായകരാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നത്. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുമ്പോഴെല്ലാം വന്‍ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നതും ചരിത്രം. ഇതൊരു വലിയ സംഭവമണെന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. എങ്കിലും, വമ്പന്‍ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്ന താരങ്ങള്‍ക്കിടയില്‍ മെഗാസ്റ്റാര്‍ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണോ?