നിഹാരിക കെ.എസ്|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (10:10 IST)
നടിമാരുടെ വസ്ത്രധാരണത്തിനെതിരെ നടി മല്ലിക സുകുമാരൻ. പൊതുവേദികളിൽ ധരിക്കേണ്ട വസ്ത്രത്തെ സംബന്ധിച്ച് മാന്യത കാണിക്കണമെന്നും അതിന് മറ്റൊരാൾ കമന്റ് പറഞ്ഞാൽ വലിയ കുറ്റമാണ് എന്ന് പറയുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു. ഇത് പറഞ്ഞതിന്റെ പേരിൽ തന്നെ സ്ത്രീ വിരോധിയായി ചിത്രീകരിക്കേണ്ട എന്നും നടി വ്യക്തമാക്കി. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു മല്ലികയുടെ പ്രതികരണം.
അക്രമം നടന്ന് പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് ശേഷം പരാതിപ്പെടുന്നതിൽ എന്താണ് അർത്ഥമെന്നും അവർ ചോദിച്ചു. ഇന്ന് ഫ്രീഡം എന്ന വാക്കിനെ പല തരത്തിൽ പലരും വ്യാഖ്യാനിക്കുന്നുണ്ടെന്ന് പറഞ്ഞ മല്ലിക, സൗകര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കേണ്ടി വന്നാലും അതിൽ ഒരു മാന്യത കീപ്പ് ചെയ്യണമെന്ന് വ്യക്തമാക്കി.
'നമ്മൾ നമ്മളുടെ മക്കളും കൊച്ചുമക്കളും ഒക്കെയായി കടപ്പുറത്ത് പോയിരിക്കുകയാണ്. അപ്പോൾ നനയാതെ ഇരിക്കാൻ അതിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കും. പക്ഷെ ഒരുപാട് മാന്യദേഹങ്ങളുള്ള ഒരു സദസിൽ പോകുമ്പോൾ നമ്മൾ ആര്, ആരുടെ മകൾ, എങ്ങനെ നമ്മളെ വളർത്തി ഇതെല്ലാം ഒരു വലിയ പോയന്റ് തന്നെയാണ്. നമ്മുടെ സംസ്‌കാരം. അല്ലാതെ എവിടെങ്കിലും ചാനലിൽ ഇരുന്ന് തെറിവിളിക്കുന്നവനെ നമുക്ക് പറയാൻ പറ്റുമോ.
അത് പറയാൻ പറ്റില്ല. സ്ത്രീക്ക് സ്വാതന്ത്ര്യം വേണം സമത്വം വേണം എന്നുള്ളത് കൊണ്ടാണ് ഉദ്ദേശിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. മര്യാദക്ക് വേഷം കെട്ടി നടന്നവരൊക്കെ പല വേഷവിദാനത്തിൽ നടക്കാൻ തുടങ്ങി. അത് അവരുടെ ഇഷ്ടമാണ്. അവരെ ഞാൻ കുറ്റം പറയുന്നില്ല. പക്ഷെ അത് കാണുമ്പോൾ ആരെങ്കിലും ഒരു കമന്റ് പറഞ്ഞാൽ അത് വലിയ കുറ്റമാണ്. അതാണ് തെറ്റ്. അതിനൊന്നും ഞാൻ ആണുങ്ങളെ പറയത്തില്ല.
അത് പറഞ്ഞാൽ മല്ലിക സ്ത്രീ വിരോധിയാണ് എന്ന് പറയും. അത് നമ്മൾ പറയിപ്പിക്കുന്നതാണ്. നമ്മളുടെ ഒരു കൺസപ്റ്റ് ഉണ്ട്. കേരളത്തിലെ പെൺകുട്ടികൾ പൊതുവായ സദസിൽ വരുമ്പോൾ എങ്ങനെ വരണം എന്നൊക്കെ. അതിൽ നിന്ന് വിപരീതമായി നാളെ ഞാനിപ്പോൾ ജീൻസും ഷർട്ടുമിട്ട് രണ്ട് ബട്ടണൊക്കെ തുറന്നിട്ട് ഞാൻ വന്ന് നിന്നാൽ നിങ്ങൾ ചോദിക്കും അയ്യോ ഈ തള്ളക്ക് എന്ത് പറ്റി എന്ന്. എന്ന് പറയുന്നത് പോലെയാണ്. ഒരുപാട് കാര്യങ്ങൾ മനസിലെടുത്ത് വേണം നമ്മൾ പൊതുവായ സദസിൽ പോകാൻ. അവിടെ ചെല്ലുമ്പോൾ നമ്മൾ മാന്യമായി നിൽക്കണം. അതുപോലെ ഒരു ഉപദ്രവം നടന്നാൽ 15 കൊല്ലമൊക്കെ പറയാൻ വൈകുന്നത് എന്തിനാണ്. അവന്റെ ചെവിക്കല്ലിന് കൊടുക്കാൻ 15 സെക്കന്റ് വേണ്ടല്ലോ,' മല്ലിക പറഞ്ഞു.