നിഹാരിക കെ.എസ്|
Last Modified വ്യാഴം, 27 മാര്‍ച്ച് 2025 (13:20 IST)
മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാൻ തിയേറ്ററുകളിലെത്തി. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികാരമാണ് എങ്ങും. സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് സിനിമ സ്വന്തമാക്കുന്നത്. ആദ്യ ഷോ കണ്ടിറങ്ങിയ മല്ലിക സുകുമാരന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ആദ്യമായാണ് ഒരു സിനിമയുടെ ഫസ്റ്റ് ഷോ കാണുന്നതെന്നും എല്ലാരും എമ്പുരാനെ എന്ന് വിളിക്കുമ്പോൾ താൻ തമ്പുരാനേ എന്നാണ് വിളിച്ചിരുന്നതെന്ന് മല്ലിക പറഞ്ഞു. പൃഥ്വി നല്ല ജോലി ചെയ്തിട്ടുണ്ടെന്നും സിനിമ വിജയമാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പൂർണിമ ഇന്ദ്രജിത്തിനൊപ്പമായിരുന്നു മല്ലിക സിനിമ കാണാനെത്തിയത്.
'ഒരു സിനിമ ഇറങ്ങി ആദ്യ ദിവസം ആദ്യ ഷോ കാണുന്നത് എന്റെ ജീവിതത്തിൽ ആദ്യമായാണ്. എല്ലാരും എമ്പുരാനെ എന്ന വിളിക്കുമ്പോൾ ഞാൻ തമ്പുരാനേ എന്നാണ് വിളിച്ചത്. വലിയൊരു പടം കണ്ട ഫീൽ തന്നെയാണ്. ഇനി ഈ നാട്ടിലെ പ്രേക്ഷകർ സിനിമയെ സ്വീകരിക്കട്ടെ. പെട്ടന്ന് തന്നെ ഈ സിനിമ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. സുകു ഏട്ടന്റെ അനുഗ്രഹം കൊണ്ടും മോഹൻലാലിന്റേയും ആന്റണിയുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും എന്റെ മോൻ ഒരു നല്ല ജോലി ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ പ്രേക്ഷകർ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കും,' മല്ലിക സുകുമാരൻ പറഞ്ഞു.