'അന്ന് അദ്ദേഹം റൗഡി ആയിരുന്നില്ലേ?' മോഹന്‍ലാലിനെ പരിഹസിച്ച അടൂരിന് മറുപടിയുമായി മേജര്‍ രവി

രേണുക വേണു| Last Modified ബുധന്‍, 25 ജനുവരി 2023 (11:29 IST)

മോഹന്‍ലാല്‍ നല്ലവനാ റൗഡിയാണെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് മേജര്‍ രവി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെ അടൂര്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ച സംഭവം വിവരിച്ചാണ് മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മേജര്‍ രവിയുടെ പോസ്റ്റ് വായിക്കാം:

ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍,

താങ്കളെപ്പറ്റി ഞാന്‍ നേരത്തേയിട്ട ഒരു പോസ്റ്റിന്റെ തുടര്‍ച്ചയായാണ് ഇതെഴുതുന്നത്. മലയാളികളുടെ പ്രിയതാരം ശ്രീ മോഹന്‍ലാലിനെ 'നല്ലവനായ റൗഡി' എന്ന് താങ്കള്‍ വിശേഷിപ്പിച്ചല്ലോ.
മലയാളസിനിമയുടെ ആഗോള അംബാസിഡാര്‍ ആയ താങ്കളുടെ ഓര്‍മ്മ ഇപ്പൊഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓര്‍മ്മയിലെ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധയില്‍പ്പെടുത്തുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, താങ്കള്‍, ശ്രീ മോഹന്‍ലാല്‍ എന്ന 'നല്ലവനായ റൗഡിയെ' താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, മോഹന്‍ലാല്‍ താങ്കളുടെ വസതിയില്‍ വന്നു കാണുകയുണ്ടായി. അന്ന് ആലപ്പുഴയില്‍ എന്തോ വെച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതില്‍ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്തു.

റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ, സന്തോഷത്തോടെ ആ ആവശ്യം ശ്രീ മോഹന്‍ലാല്‍ സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്. അന്ന് താങ്കള്‍ ക്ഷണിച്ചപ്പോള്‍, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം ?

ആ ചിത്രത്തില്‍ പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചില്ല. ഇതിന്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ശ്രീ ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകള്‍ക്ക് മാത്രം അറിയാം.

പിന്നെ 'അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്'. അതുകൊണ്ടാവാം അദ്ദേഹം അതില്‍ നിന്ന് പിന്മാറിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :