നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 28 ജനുവരി 2025 (14:05 IST)
നടിയുടെ പരാതിയില്‍ സംവിധായകൻ സനല്‍ കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുമെന്ന് പൊലീസ്. വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ പിടികൂടാനാണ് സര്‍ക്കുലര്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സനല്‍ കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പൊലീസ് കേസ് എടുത്തിരുന്നു.
ജാമ്യമില്ലാ വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്. ഈ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസ് എടുത്തത്. അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി കോണ്‍സുലേറ്റിനേയും പൊലീസ് സമീപിക്കും.
സനല്‍ കുമാര്‍ ശശിധരനെതിരെ നടി 2022ല്‍ നല്‍കിയ ഒരു പരാതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അന്ന് കേസില്‍ അറസ്റ്റിലായ സനല്‍ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനില്‍ക്കുമ്പോഴും പരാതിക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബി.എന്‍.എസിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.