കമലസുരയ്യയുടെ ജീവിതം സിനിമയാകുന്നു; സംവിധായകൻ കമൽ അല്ല! നടി മഞ്ജുവും അല്ല!!

മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു! സംവിധാനം ലീന മണിമേഖല!

aparna shaji| Last Modified വ്യാഴം, 2 മാര്‍ച്ച് 2017 (10:04 IST)
മാധവിക്കുട്ടി മലയാള ലോകത്ത് മാത്രമല്ല പുറത്തും ചർച്ചാ വിഷയമാവുകയാ‌ണ്. സംവിധായകൻ സംവിധാനം ചെയ്യുന്ന ആമിയാണ് ആദ്യം വാർത്തകളിൽ ഇടംപിടിച്ചത്. നായികയായി വിദ്യാബാലനും. പിന്നീട് വിദ്യാബാലന്റെ പിന്മാറ്റവും മഞ്ജു വാര്യരുടെ വരവും വിവാദങ്ങൾ സൃഷ്ടിച്ചു.

ഇപ്പോഴിതാ, മാധവിക്കുട്ടിയുടെ കഥ സിനിമയാക്കുകയാണെന്ന് അറിയിച്ച് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും സംവിധായികയുമായ ലീന മണിമേഖല രംഗത്തെത്തിയരിക്കുന്നു. കമൽ 'ആമി' പ്രഖ്യാപിക്കുന്നതിനും മുമ്പേ കമലസുരയ്യയുടെ ജീവിതം സിനിമയാക്കുന്ന ആശയവുമായി താൻ ഏറെ മുന്നോട്ട് പോയിരുന്നുവെന്ന് മണിമേഖല പറയുന്നു.

മണിമേഖലയുടെ വാക്കുകളിലൂടെ:

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മലയാള സിനിമാ സംവിധായകന്‍ കമല്‍ എന്നെ വിളിച്ച് പറഞ്ഞു. "ലീനയെക്കാണാന്‍ കമലാ ദാസിനെപ്പോലെയുണ്ട്. നമുക്ക് കമലാദാസിനെക്കുറിച്ചൊരു സിനിമക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാം".

'ലവ് ക്വീന്‍ ഓഫ് മലബാര്‍' എന്ന പുസ്തകം വായിച്ച ശേഷം എന്റെ പരിഭാഷക സുഹൃത്ത് രവിയുമായി ചേര്‍ന്ന് ഒരു സ്ക്രിപ്റ്റ് ഇതിനകം തയ്യാറാക്കിയെന്നും ഇംഗ്ലീഷിൽ ആ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും കമലിനോട് അപ്പോള്‍ തന്നെ പറഞ്ഞു. ആ സ്ക്രിപ്റ്റിന്റെ കോപ്പി കമലിന് അയച്ചു കൊടുക്കുകയും ചെയ്തു.

വളരെ തീവ്ര സ്വഭാവമുള്ള എഴുത്താണല്ലോയെന്നും മലയാള പ്രേക്ഷകര്‍ക്ക് യോജിച്ച രീതിയില്‍ ചെയ്യണമെന്നും പറഞ്ഞ കമല്‍ തന്റെ സ്ക്രിപ്റ്റ് എനിക്ക് അയച്ച് തരികയും ചെയ്തു. മലയാള ഭാഷ അഭ്യസിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പൊടുന്നനെയൊരു ദിവസം എന്നെ വിളിച്ചു. ആ സിനിമ പ്രോജക്റ്റ് ബിഗ് ബജറ്റായെന്നും കമലാദാസിന്റെ വേഷം ചെയ്യാന്‍ വിദ്യാ ബാലന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും പറഞ്ഞു.

അതേ സമയം ലീനയുടെ ഇഷ്ടപ്രകാരം ഇംഗ്ലീഷ് സ്ക്രിപ്റ്റ് യാതൊരു ഒത്തുതീര്‍പ്പുമില്ലാതെ നമുക്കൊന്നിച്ച് ചെയ്യാമെന്നും പറഞ്ഞു. ഞാനത് ക്ഷമയോടെ കേട്ടിരുന്നു. കഴിഞ്ഞ ഐ എഫ് എഫ് കെ സമയത്താണ് പിന്നെ കാണുന്നത്. ഹിന്ദുത്വ സംഘടനകളുടെ ഭീഷണി മൂലം വിദ്യാ ബാലന്‍ ആ പ്രോജക്റ്റില്‍ നിന്നും പിന്‍മാറിയെന്നാണ് അപ്പോള്‍ പറഞ്ഞത്. ഒരു സംവിധായകന്റെ ഇത്തരം ബുദ്ധിമുട്ടുകള്‍ വ്യക്തിപരമായി അറിയാവുന്ന ആളെന്ന നിലയ്ക്ക് ഈയൊരു വിഷമ ഘട്ടത്തില്‍ നിന്നും ആദ്യം അദ്ദേഹം വിമുക്തനാകട്ടെയെന്നു കരുതി ഞാന്‍ കൂടുതലൊന്നും പറയാന്‍ നിന്നില്ല.

അടുത്തിടെ സംഘപരിവാര്‍ വേദികളില്‍ നൃത്തം ചെയ്ത മഞ്ജു വാര്യരാണ് നായികയായി അഭിനയിക്കാന്‍ പോകുന്നതെന്ന വാര്‍ത്ത പിന്നെയാണറിഞ്ഞത്. പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കമല്‍ പേരു കേട്ടൊരു സംവിധായകനാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളുണ്ടാവാം.

ഒരു കവയിത്രിയുടെ സ്വത്വത്തിന് മാര്‍ക്കറ്റില്‍ ഒരു വിലയുമില്ലെന്നും അറിയാം. പല കാര്യങ്ങളിലും അരാജക നിലപാടുകള്‍ ഉള്ള ആള്‍ ആയിരിക്കാം ഞാന്‍. പക്ഷേ എനിക്ക് സ്വന്തമായൊരു നിലപാടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ തീരുമാനിച്ച പോലെ കമലാദാസിന്റെ ജീവിതം ഒരു ഇന്‍ഡിപ്പെന്‍ഡന്റ് സിനിമയായി സംവിധാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :