നിഹാരിക കെ.എസ്|
Last Modified വ്യാഴം, 27 മാര്‍ച്ച് 2025 (09:45 IST)
മൂക്കുത്തി അമ്മനായി നയൻതാര വന്നപ്പോൾ ഒരു പ്രത്യേക ഭംഗിയായിരുന്നു. 2020 ല്‍ ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ ഹിറ്റായി. ഇതിന്റെ സെക്കന്റ് പാര്‍ട്ട് സംവിധാനം ചെയ്യുന്നത് സുന്ദര്‍ സി ആണ്. മീനയും ഖുശ്ബുവും നയന്‍താരയും എല്ലാം പങ്കെടുത്ത ചിത്രത്തിന്റെ പൂജ ശ്രദ്ധേയമായിരുന്നു. പൂജയുടെ അന്ന് മുതൽ തന്നെ നയൻതാരയ്ക്കെതിരെ നിരവധി ഗോസിപ്പുകളാണ് വരുന്നത്. നയൻതാരയ്ക്ക് നേരെ കരുതി കൂട്ടി ചിലർ നടത്തുന്ന ആക്രമണമായിട്ടാണ് പലതും തോന്നുക.
ഏറ്റവുമൊടുവില്‍ നയന്‍താരയും സംവിധായകന്‍ സുന്ദര്‍ സിയും തമ്മില്‍ വഴക്കുണ്ടായി എന്നും, ചിത്രീകരണം നിലച്ചു എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. വസ്ത്രധാരണത്തെ ചൊല്ലി നയന്‍താരയും സുന്ദര്‍ സിയുടെ അസിസ്റ്റന്റ് ഡയരക്ടറും തമ്മില്‍ വാഗ്വാദം ഉണ്ടായെന്നും സുന്ദർ സി നയൻതാരയോട് ദേഷ്യപ്പെട്ടുവെന്നുമൊക്കെയായിരുന്നു പ്രചാരണം. നയന്‍താരയ്ക്ക് പകരം തമന്നയെ കൊണ്ടുവന്ന് ഷൂട്ടിങ് അവസാനിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഇപ്പോഴിതാ ഈ വാര്‍ത്തയോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സുന്ദര്‍ സിയുടെ ഭാര്യയും നിര്‍മാതാക്കളില്‍ ഒരാളുമായ ഖുശ്ബു സുന്ദര്‍. പാപ്പരാസികള്‍ ഇനി വിശ്രമിച്ചോളൂ, കേട്ടതെല്ലാം വ്യാജ വാര്‍ത്തകളാണ് എന്ന് ഖുശ്ബു സുന്ദര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കാര്യങ്ങളിൽ ഖുശ്‌ബു വ്യക്തത വരുത്തിയതോടെ നയൻതാരയ്‌ക്കെതിരെ ഇൻഡസ്ട്രിയിൽ തന്നെ ഹേറ്റേഴ്‌സ് ഉണ്ടെന്ന് വ്യക്തമാണെന്ന് ആരാധകർ പറയുന്നു.
'സുന്ദര്‍ സി സാറിന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ളോടും, മൂക്കുത്തി അമ്മന്‍ 2 നെക്കുറിച്ച് അനാവശ്യമായ നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ദയവായി വിശ്രമിക്കൂ. ഷൂട്ടിംഗ് സുഗമമായി പുരോഗമിക്കുന്നു, പ്ലാന്‍ ചെയ്തതുപോലെ എല്ലാം മുന്നോട്ടു പോകുന്നു. സുന്ദര്‍ നോ നോണ്‍സണ്‍സ് വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. നയന്‍താര വളരെ പ്രൊഫഷണല്‍ നടിയാണ്, അവര്‍ തന്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മുമ്പ് അവര്‍ ചെയ്ത ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ കിംവദന്തികള്‍ 'ദൃഷ്ടി എടുത്ത് കളഞ്ഞതു' പോലെയാണ്. സംഭവിക്കുന്നതെല്ലാം നല്ലതിന് വേണ്ടിയാണ്, നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിന് നന്ദി' എന്നാണ് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.