നിഹാരിക കെ.എസ്|
Last Modified വെള്ളി, 14 മാര്‍ച്ച് 2025 (11:58 IST)
അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് 'ഏജൻ്റ്'. ഒരു സ്പൈ ആക്ഷൻ ചിത്രമായി തിയേറ്ററിൽ എത്തിയ ചിത്രം വേണ്ടത്ര ഓടിയില്ല. ഏജന്റിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. സോണി ലിവിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചത്.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. വിതരണക്കാരില്‍ ഒരാളുമായുള്ള നിര്‍മ്മാതാവിന്‍റെ നിയമ പോരാട്ടമായിരുന്നു ചിത്രം ഇത്രയും വൈകാൻ കാരണമെന്ന് നിർമാതാവ് വ്യക്തമാക്കിയിരുന്നു. മോശം പ്രതികരണമാണ് ഒടിടിയിലും സിനിമയ്ക്ക് ലഭിക്കുന്നത്. കാഴ്ചക്കാർക്ക് തലവേദന നൽകുന്ന സിനിമയാണ് ഏജന്റ് എന്നും ഈ ചിത്രം പരാജയമായതിൽ അത്ഭുതമൊന്നും ഇല്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും ട്രോളുകൾ ലഭിക്കുന്നുണ്ട്. കോവിഡിന് ശേഷം മികച്ച സിനിമകളും കഥാപാത്രങ്ങളും മാത്രം ചെയ്തുപോരുന്ന മമ്മൂട്ടി എങ്ങനെയാണ് ഈ സിനിമയ്ക്ക് ഓക്കേ പറഞ്ഞത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ പ്രേക്ഷകർ എക്സിലൂടെ പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിക്കുന്നത്. മമ്മൂട്ടിയുടെ മോശം തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് ഏജന്റ് ആണാണ് ആരാധകരുടെ അഭിപ്രായം.