നെല്‍വിന്‍ വില്‍സണ്‍|
Last Modified വെള്ളി, 16 ഏപ്രില്‍ 2021 (14:58 IST)
മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും മകളായി അഭിനയിച്ച ഇവ സൂരജ് മലയാളികള്‍ക്ക് സുപരിചിത മുഖമാണ്. രാജാധിരാജയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചപ്പോള്‍ മെമ്മറീസില്‍ പൃഥ്വിരാജിന്റെ മകളായി അഭിനയിക്കാനും ഇവയ്ക്ക് ഭാഗ്യം ലഭിച്ചു. കുസൃതി ചിരിയോടെ പ്രേക്ഷകഹൃദയങ്ങളില്‍ ചേക്കേറിയ ഇവ ഇപ്പോള്‍ വലിയ സന്തോഷത്തിലും ത്രില്ലിലുമാണ്. മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ അവസരം ലഭിച്ചതാണ് ഇവയെ ഏറെ സന്തോഷിപ്പിക്കുന്നത്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തില്‍ ഇവയും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഭീഷ്മപര്‍വ്വത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം ഇവ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണിത്. ഇതോടൊപ്പം രാജാധിരാജയുടെ സെറ്റില്‍ വച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രവും ഇവ പങ്കുവച്ചു.
'വലിയ കാര്യങ്ങള്‍ സ്വപ്‌നം കാണുക, സ്വപ്‌നങ്ങള്‍ക്ക് ഒരിക്കലും അതിരുകള്‍ നിശ്ചയിക്കരുത്, എന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി. ഏറ്റവും പ്രിയപ്പെട്ട അങ്കിള്‍ ഇക്കയ്‌ക്കൊപ്പം വീണ്ടും,' മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇവ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇവയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. കൂടുതല്‍ സിനിമകള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇവ ഇപ്പോള്‍.
അതേസമയം, അമല്‍ നീരദ് ചിത്രം ഭീഷമപര്‍വ്വത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രം മെഗാസ്റ്റാറിന്റെ സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ ഒന്നാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വമ്പന്‍ താരനിരയാണ് ഭീഷമപര്‍വ്വത്തില്‍ ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.