നിഹാരിക കെ എസ്|
Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2024 (10:10 IST)
മലയാളത്തിൽ ഇപ്പോൾ ദുൽഖർ സൽമാനെ അധികം സിനിമകളിലൊന്നും കാണാനില്ല. കുറുപ്പിന്റെ വൻ വിജയത്തിന് ശേഷം, വൻ ഹൈപ്പിൽ വന്ന കൊത്ത പ്രതീക്ഷിച്ചത് പോലെ വിജയിക്കാത്തത് ദുൽഖർ സൽമാൻ എന്ന നിർമാതാവിനെയും നടനെയും അക്ഷരാർത്ഥത്തിൽ തളർത്തിയിട്ടുണ്ടെന്ന് വേണം അനുമാനിക്കാൻ. ഇപ്പോഴിതാ, കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് അധികം സിനിമകള്‍ ഏറ്റെടുക്കാന്‍ കഴിയാതിരുന്നതിനെ കുറിച്ച് സംസാരിച്ച് ദുല്‍ഖര്‍ സല്‍മാന്‍.
തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ദുല്‍ഖര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കോളിവുഡിലും ടോളിവുഡിലും അടക്കമുള്ള ഇന്‍ഡസ്ട്രികള്‍ സജീവമാണെങ്കിലും മോളിവുഡില്‍ നിന്നും താന്‍ പിന്നോട്ട് പോയെന്നും ദുല്‍ഖര്‍ സമ്മതിക്കുന്നുണ്ട്. തന്റെ കരിയർ മന്ദഗതിയിലാണെങ്കിലും വാപ്പച്ചി ഇപ്പോഴും നല്ല ഫോമിലാണെന്നാണ് ദുൽഖർ പറയുന്നത്.
'കരിയറിന്റെ 13-ാം വര്‍ഷത്തില്‍ ഞാന്‍ ഇതുവരെ 45 സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കൊപ്പമുള്ള അഭിനേതാക്കളുമായി വച്ച് നോക്കുമ്പോള്‍ അത് വളരെ കുറവാണ്. 400 സിനിമകള്‍ പൂര്‍ത്തിയാക്കിയ വാപ്പച്ചി ഇപ്പോഴും ആവശത്തോടെയാണ് അഭിനയിക്കുന്നത്. വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമാണ് വാപ്പച്ചിയുടെ ചിന്ത.
ഒരു വെറുതെ വിരലുകള്‍ പൊട്ടിച്ചു കൊണ്ടിരിക്കവെ അദ്ദേഹം എനിക്ക് കിട്ടി എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍, എന്റെ കഥാപാത്രം കിട്ടി എന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം തുടങ്ങാനിരിക്കുന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതാണ് വാപ്പച്ചിയുടെ ഡെഡിക്കേഷന്‍. എന്നാല്‍ രണ്ട് വര്‍ഷമായി എന്റെ കരിയര്‍ സ്ലോ പേസിലാണ്. കഴിഞ്ഞ വര്‍ഷം ഞാനൊരു സിനിമ മാത്രമേ ചെയ്തിട്ടുള്ളു. മറ്റൊന്നും വര്‍ക്ക് ആയില്ല. ആരോഗ്യം മോശമായിരുന്നു', ദുൽഖർ പറഞ്ഞു.