Akhil Marar: 'സമൂഹത്തിന് മാതൃകയാക്കാന്‍ എന്തെങ്കിലും ഉണ്ടോ?' അഖില്‍ മാരാര്‍ക്ക് ബിഗ് ബോസ് കിരീടം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയ

സമൂഹത്തിനു മാതൃകയാക്കാന്‍ കഴിയുന്ന ഒരു ക്വാളിറ്റി പോലും ഇല്ലാത്ത ആള്‍ക്കാണ് ബിഗ് ബോസ് വിജയകിരീടം നല്‍കിയതെന്നാണ് ആരോപണം

രേണുക വേണു| Last Modified തിങ്കള്‍, 3 ജൂലൈ 2023 (07:48 IST)

Akhil Marar: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ വിജയി ആയിരിക്കുകയാണ് അഖില്‍ മാരാര്‍. 50 ലക്ഷം രൂപയുടെ ക്യാം ഷ് പ്രൈസാണ് അഖിലിന് ലഭിച്ചത്. തുടക്കം മുതല്‍ തന്നെ വലിയ പ്രേക്ഷക പിന്തുണയാണ് അഖിലിന് ലഭിച്ചിരുന്നത്. വോട്ടിങ്ങിലും അഖില്‍ ബഹുദൂരം മുന്നിലായിരുന്നു. അതേസമയം അഖിലിന് ബിഗ് ബോസ് കിരീടം നല്‍കിയ ഏഷ്യാനെറ്റിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

സമൂഹത്തിനു മാതൃകയാക്കാന്‍ കഴിയുന്ന ഒരു ക്വാളിറ്റി പോലും ഇല്ലാത്ത ആള്‍ക്കാണ് ബിഗ് ബോസ് വിജയകിരീടം നല്‍കിയതെന്നാണ് ആരോപണം. സ്ത്രീകള്‍ക്കെതിരെ ബിഗ് ബോസ് ഷോയില്‍ ഉടനീളം മോശം പെരുമാറ്റം നടത്തിയ മത്സരാര്‍ഥിയാണ് അഖില്‍. മാത്രമല്ല അഖില്‍ നടത്തിയ പല പരാമര്‍ശങ്ങളും വിവാദങ്ങളായിരുന്നു. സഹമത്സരാര്‍ഥികളായ സ്ത്രീകളോട് മോശമായി പെരുമാറിയ അഖിലിന് ബിഗ് ബോസ് വിന്നറാകാന്‍ യാതൊരു അര്‍ഹതയും ഇല്ലെന്നാണ് ചില പ്രേക്ഷകരുടെ വാദം.

ബിഗ് ബോസ് ഷോയ്ക്കിടയില്‍ വെച്ച് സഹമത്സരാര്‍ഥികളായ സ്ത്രീകളെ അടിക്കാന്‍ പലതവണ അഖില്‍ കയ്യോങ്ങിയിരുന്നു. അഖിലിനെ പോലൊരു മെയില്‍ ഷോവനിസ്റ്റിനെ ബിഗ് ബോസ് വിന്നറാക്കി എന്ത് മാതൃകയാണ് ഏഷ്യാനെറ്റ് സമൂഹത്തിനു നല്‍കുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം. സ്ത്രീകളെ അടിക്കാന്‍ കയ്യോങ്ങുന്നു, സ്ത്രീകളെ ഉപദ്രവിക്കുന്നു, അവരെ തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു മത്സരാര്‍ഥിക്ക് കൂടുതല്‍ വിസിബിലിറ്റി കൊടുക്കുന്നത് ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയില്‍ ഒഴിവാക്കുകയാണ് വേണ്ടത്. എന്ത് സന്ദേശമാണ് ഇതുകൊണ്ട് നല്‍കുന്നതെന്നും ബിഗ് ബോസ് പ്രേക്ഷകര്‍ ചോദിക്കുന്നു.

ബിഗ് ബോസ് ഷോയ്ക്കിടെ തന്റെ ഭാര്യയെ അടിച്ചിട്ടുണ്ട് എന്ന് പോലും വളരെ കൂളായി അഖില്‍ പറയുന്നു. മലയാളമല്ല മറ്റേതെങ്കിലും ഭാഷയില്‍ ആണെങ്കില്‍ പോലും ഇതിനെതിരെ ശക്തമായ നടപടിയെടുക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിച്ചതിന് ആ മത്സരാര്‍ഥിയെ പുറത്താക്കാനും മടിക്കില്ല. എന്നാല്‍ മലയാളത്തില്‍ അങ്ങനെയൊരു നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :