കാണി|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (18:33 IST)
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി അധികം നാളുകളില്ല. അതിന് മുമ്പ് പരമാവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ക്രെഡിറ്റ് എടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് എന്നത് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം മാത്രമല്ല. ഓടിപ്പിടിച്ചുള്ള ഉദ്ഘാടനങ്ങള്‍ കാണുമ്പോള്‍ ആരും അങ്ങനെ സംശയിച്ചുപോകും.
കൊച്ചി സ്മാര്‍ട്ട് സിറ്റിയും കണ്ണൂര്‍ വിമാനത്താവളവും എല്ലാം എങ്ങനെ ഉദ്ഘാടനം ചെയ്തു എന്നതില്‍ ഇപ്പോഴും പലര്‍ക്കും പല സംശയങ്ങളുമുണ്ട്. ഇവയ്ക്കൊക്കെ ഉദ്ഘാടനങ്ങള്‍ക്കുള്ള പ്രായമായോ എന്നതാണ് പ്രശ്നം. എന്നാല്‍ മുഖ്യമന്ത്രിക്ക് അതിലൊന്നും ഒരു വിധത്തിലുള്ള സംശയവും ഇല്ല.
കൊച്ചി മെട്രോ റെയില്‍ ഇന്ത്യയില്‍ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളില്‍ ഒന്നായിരുന്നു. തൃപ്പൂണിത്തറ മുതല്‍ ആലുവ വരെ 26 കിമി നീളത്തിലാണ് കൊച്ചി മെട്രോ ആസൂത്രണം ചെയ്തിരിക്കുന്നത്. 2004ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് പദ്ധതിയ്ക്ക് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ 2016 ആയിട്ടും ട്രയല്‍ റണ്‍ വരെ വളര്‍ന്നതേയുള്ളൂ പ്രൊജക്ട്. എന്നാല്‍ ഉദ്ഘാടനത്തിനൊന്നും ഒരു കുറവുമില്ല.
സ്മാര്‍ട്ട് സിറ്റി പദ്ധതി 2003ലെ ആന്റണി സര്‍ക്കാരിലെ ഐടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപരേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ ഈ പദ്ധതിയെപ്പറ്റി പഠനം നടത്താന്‍വേണ്ടി കേരളത്തിലേക്ക് ക്ഷണിച്ചു.
ദുബായ് ഹോള്‍ഡിംഗ്സ് എന്ന വന്‍കിട സ്ഥാപനപ്രതിനിധികളുമായി 2005ല്‍ ധാരണാപത്രം ഒപ്പിട്ടു. 2013 ജൂലൈ മാസം സ്മാര്‍ട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഐ ടി മേഖലയിലെ വളര്‍ച്ച മുരടിപ്പിക്കുന്നതുള്‍പ്പെടെ പല വിവാദ വ്യവസ്ഥകളുള്‍പ്പെട്ടിരുന്ന കരാര്‍ പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. അതോടെ 2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി. കരാറിലെ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി ഇടതുപക്ഷ സര്‍ക്കാര്‍ വ്യവസായ പ്രമുഖനായ എം എ യൂസഫലിയുടെ മദ്ധ്യസ്ഥതയിലൂടെ കരാര്‍ ഒപ്പ് വെച്ചു. 2011 ഫെബ്രുവരി 2നാണ് സ്മാര്‍ട്ട് സിറ്റി കരാറില്‍ കേരള ഗവണ്‍മെന്റ് ഒപ്പു വെച്ചത്. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം 2016 ഫെബ്രുവരി 20ന് കൊച്ചിയില്‍ നടന്നു.
എന്നാല്‍ ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റിയില്‍ എത്തിയവയില്‍ എത്ര ഐ ടി കമ്പനികളുണ്ട് എന്നന്വേഷിക്കരുത്. അത് വലിയ തമാശയാകും. ആദ്യഘട്ടത്തില്‍ ഉണ്ടാകുമെന്ന് പറഞ്ഞ 27 കമ്പനികളുടെ പേരുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംഘാടകരുടെ കൈവശമുള്ളത് 27നു പകരം 22 കമ്പനികളാണെന്നും, അഞ്ചു കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്നുമാണ് ടീകോം ഇതിനു നല്‍കിയ വിശദീകരണം. പുറത്തുവിട്ട ലിസ്റ്റ് പ്രകാരം ഈ 22 കമ്പനികളില്‍ പകുതിയിലധികവും ഐടി ഇതര കമ്പനികളാണ്. ആസ്റ്റര്‍ മെഡിസിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിങ്ങനെ തുടങ്ങി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ചെറുകിട ഇടത്തരം കമ്പനികളും മാത്രമാണ് സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജരായി വന്നിരിക്കുന്നത്. ആശുപത്രിയും ബാങ്കും എങ്ങനെ ഐടി കമ്പനികളാകുമെന്ന ചോദ്യമാണ് ഉയരുന്നത്. 5000 പേര്‍ക്ക് തൊഴില്‍ എന്ന ലക്‍ഷ്യം ഫലം കാണില്ലെന്നാണ് സൂചന. നാല് വിദേശ കമ്പനികള്‍ മാത്രമേ ലിസ്റ്റിലുള്ളൂ എന്നതും ശ്രദ്ധേയമാണ്. എന്തായാലും ഉദ്ഘാടനം കെങ്കേമമായി.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂര്‍ഖന്‍ പറമ്പില്‍ ഒരുങ്ങുന്ന വിമാനത്താവളമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകും ഇത്. വിമാനത്താവളത്തില്‍ ആദ്യവിമാനമിറങ്ങിയത് കഴിഞ്ഞ ദിവസം. ഇറങ്ങിയതൊരു ചെറിയ വ്യോമസേനാ വിമാനമാണ്. യാത്രാവിമാനം ഈ വര്‍ഷം തന്നെ ഇറങ്ങുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. പറയുമ്പോള്‍ എന്തും പറയാമല്ലോ. ഇനി അതൊക്കെ അടുത്ത സര്‍ക്കാരിന്‍റെ തലവേദന. എന്തായാലും ഉദ്ഘാടനം പൊടിപൊടിക്കണം, അത്രേയുള്ളൂ സര്‍ക്കാരിന്‍റെ ലക്‍ഷ്യം.
ആദ്യത്തെ നാലേമുക്കാല്‍ വര്‍ഷം ഒന്നും ചെയ്യാതെ അവസാനത്തെ രണ്ട് മാസം ഓടി നടന്ന് പണിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് കേരള ജനത ഒന്നടങ്കം പറയുന്നത്. ഈ മന്ത്രിസഭയുടെ കാലവധി അവസാനിക്കുന്നതിനു മുമ്പായി ഇനി എന്തൊക്കെ ഉദ്ഘാടനങ്ങള്‍ കാണേണ്ടിവരുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. അതിവേഗം ഉദ്ഘാടനങ്ങള്‍ നടത്തപ്പെടുന്ന പല പദ്ധതികളും ഇനി പതിറ്റാണ്ടുകള്‍ കഴിഞ്ഞാലേ വര്‍ക്കിംഗ് കണ്ടീഷനിലേക്ക് എത്തുകയുള്ളൂ എന്നത് ഏറ്റവും ദയനീയമായ കാര്യം.