സജിത്ത്|
Last Updated:
ശനി, 17 ഡിസംബര്‍ 2016 (13:52 IST)
ഇന്ത്യയിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളാണ് യൂബറും ഓലയും. കൊച്ചി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ പലസ്ഥലങ്ങളിലും ഇപ്പോള്‍ ഇത്തരം ടാക്‌സി സേവനങ്ങള്‍ ലഭ്യമാണ്. സ്വകാര്യ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ തീവട്ടിക്കൊള്ളയില്‍ നിന്ന് സാധാരണ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ഓണ്‍ലൈന്‍ ടാക്‌സികള്‍.
കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളി യൂണിയന്റെ കണക്കനുസരിച്ച് കൊച്ചി നഗരത്തില്‍ 1200ഉം തിരുവനന്തപുരത്ത് 300ല്‍ പരവും ഡ്രൈവര്‍മാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരാണ്. ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളി യൂണിയന്‍ എന്ന സംഘടനയില്‍ അംഗത്വമെടുക്കാത്തവരുടെ കണക്കെടുത്താല്‍ അത് 1000ന് മുകളില്‍ വരുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.
കൊച്ചിയില്‍ യൂബര്‍ കിലോമീറ്ററിന് ഏഴ് രൂപയും അടിസ്ഥാന ചാര്‍ജ്ജായി 35രൂപയുമാണ് ഈടാക്കുന്നത്. ഓലയുടെ ചാര്‍ജ്ജാവട്ടെ കിലോമീറ്ററിനു 10രൂപയും അടിസ്ഥാന ചാര്‍ജ്ജ് 49രൂപയുമാണ്. ഒറ്റ യാത്രയില്‍ നിന്ന് 20ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് യൂബര്‍ ഇടാക്കുമ്പോള്‍ ഓല 10ശതമാനമാണ് ഈടാക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിലവിലുള്ള അടിസ്ഥാന ടാക്‌സി ചാര്‍ജ്ജ് 150രൂപയും അധിക കിലോമീറ്ററിന് 15രൂപയുമാണ്.
ഓണ്‍ലൈന്‍ ടാക്‌സികള്‍ ആരംഭിച്ചതോടെ വന്‍ പ്രതിഷേധങ്ങളും ഇതിനെതിരെ ഉയര്‍ന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കതെയാണ് ഇത്തരം ടാക്സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിലപേശലിലൂടെ ഇവ അനാരോഗ്യകരമായ മത്സരം ഉണ്ടാക്കുന്നുണ്ടെന്നും ടാക്‌സി മേഖലയെ കുത്തകവല്‍ക്കരിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്.
ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ കണക്കുകള്‍ അനുസരിച്ച് കൊച്ചിയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി മുപ്പതോളം കേസുകളാണ് ഇതുവരെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയിട്ടുള്ളത്. അനാവശ്യമായി മര്‍ദ്ദനത്തിലൂടെ തങ്ങളുടെ ഡ്രൈവര്‍മാരെ നേരിടുന്നതിനെതിരെ യൂബര്‍ ടാക്സി അസോസിയേഷനുകള്‍ പ്രതിഷേധക്കുറിപ്പും ഇറക്കിയിരുന്നു.
എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സി എന്ന ആശയത്തെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നാണ് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചത്. ടാക്‌സി മേഖല പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന കുത്തക കമ്പനികളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിന് താഴെ സര്‍വ്വീസ് നടത്തി പരമ്പരാഗത ടാക്‌സികളെ തകര്‍ക്കുകയാണ് ഇത്തരം
കമ്പനികള്‍ ചെയ്യുന്നതെന്നുമാണ് ഈ യൂണിയനുകള്‍ അറിയിച്ചത്.
യൂബർ ടാക്സി വിളിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു പെൺകുട്ടിയ്ക്ക് നേരെ ടാക്സി ഡ്രൈവർമാർ ഭീഷണി ഉയർത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. അക്കൂട്ടത്തിൽ ഡ്രൈവർമാരുടെ വക ഭീഷണി കേട്ടവരിൽ അവസാനത്തെയാളാണ് ഗായിക സയനോരയും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഗായിക വിളിച്ച യൂബർ ടാക്സി ഡ്രൈവറെ സംഘം ഭീഷണിപ്പെടുത്തിയത്.