ശബരിമലയും എന്‍എസ്എസും, പിന്നെ ഈ സെലിബ്രറ്റികളും; മോദിയുടെ വരവ് സിപിഎമ്മിനെ ബാധിക്കുന്നത്!

  BJP , Lok Sabha election , Amit Shah , Narendra Modi , sabarimala protest , നരേന്ദ്ര മോദി , ലോക്‍സഭാ തെരഞ്ഞെടുപ്പ് , സുപ്രീംകോടതി , അമിത് ഷാ , ശബരിമല
തിരുവനന്തപുരം| Last Modified തിങ്കള്‍, 14 ജനുവരി 2019 (16:38 IST)
ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും.
വിഷയം കത്തിച്ചു നിര്‍ത്തി സാഹചര്യം മുതലെടുക്കാനാണ് ബിജെപി നേതൃത്വം ശ്രമം നടത്തുന്നത്. മോദിയുടെ വരവോടെ പ്രചാരണത്തിന് തുടക്കമാകുമെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഉടന്‍ ഔദ്യോഗികമായി ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തുന്നത് പാര്‍ട്ടിയില്‍ ചേരിപ്പോര് ശക്തമാക്കാന്‍ ഇടയുണ്ട്. ഈ പശ്ചാത്തലത്തില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പിന് മുമ്പ് ആളിക്കത്തിച്ച് നിര്‍ത്താനാണ് പദ്ധതി. സമുദായ സംഘടനകളുടെ പിന്തുണ നേടിയെടുക്കുന്നതിനും മുതിര്‍ന്ന നേതാക്കളെ ഓരോ മണ്ഡലത്തിലും രംഗത്തിറക്കാനുമാണ് നിലവിലെ ആലോചന.

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഈ മാസം 22ന് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് മുന്നില്‍ കണ്ടാകും നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് പദ്ധതികള്‍ അസൂത്രണം ചെയ്യുക. കോടതിയുടെ തീരുമാനം എന്തു തന്നെയായാലും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ജനവികാരം വഴി തിരിച്ചു വിടുകയാകും ബിജെപിയുടെ ലക്ഷ്യം. അത് മുന്‍ നിര്‍ത്തിയാണ് പദ്ധതികള്‍ നടപ്പാക്കുക.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മതിയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. കോടതിയുടെ ഭാഗത്തു നിന്നും അനുകൂലമായ വിധി വന്നാല്‍ സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനും സെലിബ്രറ്റികള്‍ അടക്കമുള്ളവരെ മത്സര രംഗത്ത് ഇറക്കാനും എളുപ്പത്തില്‍ സാധിക്കുമെന്നും നേതൃത്വം ഉറച്ചു വിശ്വസിക്കുന്നുണ്ട്.

ശബരിമല വിഷയത്തില്‍ സിപിഎമ്മുമായി അകന്നു നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്തി ബന്ധം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യം മുന്‍‌നിര്‍ത്തിയാണ് മോദി എത്തുന്നത്. എന്‍എസ്എസ് പോലുള്ള സാമുദായിക സംഘടനകളെ കൂടെ നിര്‍ത്തി ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :