ലണ്ടന്‍|
Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (16:38 IST)
എല്ലാ ടീമുകളും ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചതിന് പിന്നാലെയാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുക. കൃത്യമായി പറഞ്ഞാല്‍ കിരീട പോര് അരംഭിച്ചതിന്റെ എട്ടാം ദിവസം. എതിരാളികളായ ദക്ഷിണാഫ്രിക്കയാകട്ടെ രണ്ട് മത്സരങ്ങള്‍ ഇതിനകം കളിച്ചു കഴിഞ്ഞു.
ലോകകപ്പ് പോലെ വലിയൊരു മാമാങ്കത്തില്‍ ഇത്രയും ദിവസം കത്തിരിക്കുകയെന്നത് ഫോമിനൊപ്പം ആവേശവും ഇല്ലാതാക്കും. നെറ്റ്‌സിലെ പ്രാക്‍ടിസ് കൊണ്ടു മാത്രം കാര്യമില്ല. ഇംഗ്ലീഷ് പിച്ചുകളുടെ സ്വഭാവം എതിരാളി രണ്ടു വട്ടം മനസിലാക്കി കഴിഞ്ഞു.
ഇംഗ്ലണ്ടിനോടും പിന്നാലെ ബംഗ്ലാദേശിനോടുമാണ്
ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങിയത്. ഇരു ടീമുകളും പ്രോട്ടീസിനെ വരിഞ്ഞുമുറുക്കി. ഇതില്‍ ബംഗ്ലാദേശിനെതിരായ പരാജയമാണ് അവരെ കൂടുതല്‍ തളര്‍ത്തുന്നത്. ലോകകപ്പില്‍ ഏഷ്യന്‍ രാജ്യങ്ങളെല്ലാം തോറ്റാണ് തുടങ്ങിയത്. ശ്രീലങ്കയും, ബംഗ്ലാദേശും, അഫ്‌ഗാനിസ്ഥാനും ആദ്യ കളിയില്‍ തോല്‍വിയറിഞ്ഞു.
ഇതാണ് വിരാട് കോഹ്‌ലിയേയും സംഘത്തിനെയും ആശങ്കപ്പെടുത്തുന്നത്. ഇംഗ്ലീഷ് പിച്ചുകളെ പഠിച്ചെടുക്കാന്‍ കഴിയാതെ വന്നാല്‍ പരാജയമുറപ്പാണ്. ഷോര്‍ട്ട് പിച്ച് പന്തുകളും സ്വിങുകളും വിക്കറ്റ് തെറിപ്പിക്കും. ബൌണ്‍സറുകള്‍ ക്യാച്ചാകും. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ പാകിസ്ഥാന് സംഭവിച്ചത് ഇതാണ്.
പേസിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ദക്ഷിണാഫ്രിക്കയെ പോലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഷോര്‍ട്ട് പിച്ച് പന്തുകളെയും സ്വിങ് ചെയ്‌ത് വരുന്ന ബോളുകളെയും നേരിടാന്‍ ഇന്ത്യക്കാകണം. അപ്രതീക്ഷിത ബൌണ്‍സറുകള്‍ ബുദ്ധിപരമായി നേരിടുകയും ഓപ്പണിംഗ് ജോഡികള്‍ തിളങ്ങുകയും വേണം. രോഹിത് - ധവാന്‍ സഖ്യം ഇത്തവണയും അതിവേഗം വഴിപിരിഞ്ഞാല്‍ കോഹ്‌ലി സമ്മര്‍ദ്ദത്തിലാകും.
സ്വിങ് ചെയ്യുന്ന പന്തുകള്‍ക്ക് മുമ്പിലാണ് രോഹിത് പരാജയപ്പെടുന്നത്. പന്തിന്റെ ഗതിയും വേഗതയും മനസിലാക്കാന്‍ താരത്തിനാകുന്നില്ല. ഷോര്‍ട്ട് പിച്ച് പന്തുകള്‍ ധവാന് വെല്ലുവിളിയാണ്. പുള്‍ ഷോട്ടുകള്‍ ധൈര്യപൂര്‍വ്വം കളിക്കാനുള്ള ആര്‍ജവം ടീമിനുണ്ടാകണം. നെറ്റ്‌സില്‍ കൂടുതല്‍ നേരം പുള്‍ ഷോട്ടുകള്‍ പ്രാക്‍ടീസ് ചെയ്‌ത ധോണി പിച്ചിന്റെ സ്വഭാവം എങ്ങനെയാകുമെന്ന് മുന്‍കൂട്ടി കണ്ടുകഴിഞ്ഞു.
നാലാം നമ്പരില്‍ സ്ഥാനമുറപ്പിച്ച കെഎല്‍ രാഹുല്‍ മികച്ച സ്‌കോര്‍ കണ്ടെത്തുകയും വേണം. ആദ്യ നാല് സ്ഥാനങ്ങളില്‍ ഇറങ്ങുന്നവരില്‍ ഒരാളെങ്കിലും വന്‍ സ്‌കോര്‍ നേടിയില്ലെങ്കിലും സ്‌കോര്‍ 300 കടക്കില്ല. മധ്യനിരയേയും വാലറ്റത്തേയും ഒപ്പം നിര്‍ത്തി മികച്ച സ്‌കോറിലേക്ക് ടീമിനെ എത്തിക്കേണ്ട ചുമതല ധോണിക്കാണ്.
അതേസമയം, പരുക്കാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വെല്ലുവിളിയാകുന്നത്. സ്റ്റാര്‍ പേസര്‍ ലുങ്കി എന്‍ഗിഡി പരുക്കേറ്റ്
പുറത്തായി. താരത്തിന് ഉടന്‍ കളിക്കാനാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ സ്ഥിരീകരിച്ചു. ഒരാഴ്‌ച മുതല്‍ 10 ദിവസം വരെ വിശ്രമം വേണ്ടിവരും.
പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ 80 ശതമാനം മാത്രമാണ് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുള്ളത്. ഹാഷിം അംലയും പരുക്കിന്‍റെ പിടിയിലാണ്. എന്നാല്‍ അംല ഇന്ത്യക്കെതിരെ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.