34 ക്യാച്ചുമായി ജോ റൂട്ട്, വിക്കറ്റ് വേട്ടക്കാരനായി അശ്വിൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പിറന്ന റെക്കോർഡുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Updated: വ്യാഴം, 24 ജൂണ്‍ 2021 (15:33 IST)
ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരായ വിജയത്തോടെ ലോകക്രിക്കറ്റിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് ന്യൂസിലൻഡ് ടീം. ഐസിസി കിരീടം ന്യൂസിലൻഡ് നിര സ്വന്തമാക്കിയപ്പോൾ നിരവധി റെക്കോർഡുകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യപതിപ്പിൽ പിറന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പിറന്ന റെക്കോഡുകൾ എന്തെല്ലാമെന്ന് നോക്കാം.

കോലി,വില്യംസൺ,ജോ റൂട്ട്,സ്റ്റീവ് സ്മിത്ത് അടങ്ങിയ ഫാബുലസ് ഫോറിനെ പിന്തള്ളികൊണ്ട് ഓസീസ് സെൻസേഷൻ മാർനസ് ലബുഷെയ്‌നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ റൺവേട്ടക്കാരനായത്. 23 ഇന്നിങ്സിൽ നിന്നും 72.82 ബാറ്റിങ് ശരാശരിയിൽ 1675 റൺസാണ് താരത്തിന്റെ സമ്പാദ്യം.

26 മത്സരങ്ങളിൽ നിന്നും 71 വിക്കറ്റുമായി ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് വിക്കറ്റ്‌വേട്ടക്കാരിൽ ഒന്നാമത്. പാറ്റ് കമ്മിൻസിനെ മറികടന്നാണ് അശ്വിന്റെ നേട്ടം. ബാറ്റിങ്ങിൽ മികവ് തെളിയിച്ച ജോ റൂട്ടാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം ക്യാച്ചുകൾ സ്വന്തം പേരിൽ കുറിച്ച താരം. 20 കളികളിൽ നിന്ന് 34 ക്യാച്ചുകളാണ് താരം സ്വന്തമാക്കിയത്.

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ,സെഞ്ചുറികൾ എന്ന റെക്കോഡും ഓസീസ് താരം മാർനസ് ലബുഷെയ്‌നിന്റെ പേരിലാണ്. 14 അർധസെഞ്ചുറികളും 5 സെഞ്ചുറികളുമാണ് താരം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോഡ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട കിവീസ് താരം കെയ്‌ൽ ജാമിസണിന്റെ പേരിലാണ്. 5 വട്ടമാണ് ജാമിസൺ 5 വിക്കറ്റ് നേടിയത്. 28 ഇന്നിങ്സിൽ നിന്ന് 65 പുറത്താക്കലുകൾ നടത്തിയ ഓസീസ് നായകൻ ടിം പെയ്‌നാണ് ഏറ്റവും കൂടുതൽ ഇരകളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :