രേണുക വേണു|
Last Modified ബുധന്‍, 20 ഡിസംബര്‍ 2023 (19:13 IST)
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ സമീര്‍ റിസ്വിക്ക് ഇപ്പോള്‍ പ്രായം വെറും 20 ആണ്. ഐപിഎല്‍ 2024 ന് മുന്നോടിയായ താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള അണ്‍ക്യാപ്ഡ് താരങ്ങളില്‍ ഒരാള്‍. എട്ട് കോടി 40 ലക്ഷം രൂപയാണ് സമീര്‍ റിസ്വിക്ക് വേണ്ടി ചെന്നൈ ചെലവഴിച്ചത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയ ടീമുകളിലൊന്നായ ചെന്നൈയ്ക്ക് സമീര്‍ റിസ്വി എന്ന താരത്തില്‍ പരിപൂര്‍ണ വിശ്വാസമുള്ളതുകൊണ്ടാണ് അത്രയും തുക ചെലവഴിച്ചത്.
വലംകൈയന്‍ സുരേഷ് റെയ്‌ന എന്നാണ് റിസ്വി അറിയപ്പെടുന്നത്. മധ്യനിരയില്‍ അപകടകാരിയായ ബാറ്റര്‍, റെയ്‌നയെ പോലെ അസാധാരണ ഫീല്‍ഡിങ് മികവ്, ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം..! ഇതൊക്കെയാണ് സമീര്‍ റിസ്വിയെ ഐപിഎല്‍ താരലേലത്തില്‍ മൂല്യമുള്ള താരമാക്കിയത്. 2011 ല്‍ മീററ്റിലെ ഗാന്ധിബാഗ് അക്കാദമിയില്‍ അമ്മാവന്‍ തന്‍കിബ് അക്തറിന്റെ ശിക്ഷണത്തിലാണ് റിസ്വി ക്രിക്കറ്റ് കളി ആരംഭിച്ചത്. ഈ സമയത്താണ് മീററ്റില്‍ വെച്ച് ഉത്തര്‍പ്രദേശും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം നടക്കുന്നത്. ഉത്തര്‍പ്രദേശിനെ നയിച്ചിരുന്നത് സാക്ഷാല്‍ സുരേഷ് റെയ്‌ന. അന്ന് കുട്ടിയായിരുന്ന റിസ്വിക്ക് റെയ്‌ന തന്റെ സണ്‍ഗ്ലാസ് സമ്മാനമായി നല്‍കിയിട്ടുണ്ട്. റെയ്‌നയെ കണ്ടാണ് റിസ്വി പിന്നീട് തന്റെ ക്രിക്കറ്റ് കരിയര്‍ പടുത്തുയര്‍ത്തിയത്.
യുപി ടി 20 ലീഗിലെ മികച്ച പ്രകടനങ്ങളാണ് റിസ്വിക്ക് ഐപിഎല്ലിലേക്കുള്ള വഴി തുറന്നത്. ഈ ലീഗിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമനാണ് റിസ്വി. 10 മത്സരങ്ങളില്‍ നിന്ന് 455 റണ്‍സ് അടിച്ചുകൂട്ടി. 188.8 ആണ് സ്‌ട്രൈക്ക് റേറ്റ്, ശരാശരി 50.56 ! രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. സീസണിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും ഏറ്റവും കൂടുതല്‍ സിക്‌സുകളും റിസ്വിയുടെ പേരിലാണ്. സയദ് മുഷ്താഖലി ട്രോഫിയിലും റിസ്വി മികച്ച പ്രകടനമാണ് നടത്തിയത്. 18 സിക്‌സുകളാണ് ഈ ടൂര്‍ണമെന്റില്‍ മാത്രം റിസ്വി അടിച്ചുകൂട്ടിയത്.
അണ്ടര്‍ 23 ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനായി രണ്ട് അര്‍ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഫൈനലില്‍ ജയിച്ച് കിരീടം ചൂടിയപ്പോള്‍ വെറും 50 ബോളില്‍ നിന്ന് 84 റണ്‍സെടുത്ത് റിസ്വി തിളങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (37) നേടിയതും റിസ്വി തന്നെ.