കോലിയുടെ പതനം കരുതിയതിലും ആഴത്തിൽ, കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (20:20 IST)
ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ബാറ്റ്സ്മാനാണ് ഇന്ത്യയുടെ വിരാ‌ട് കോലി. ഒരുകാലത്ത് സച്ചിന്റെ നൂറ് സെഞ്ചുറികൾ എന്ന റെക്കോർഡ് നേട്ടം എളുപ്പത്തിൽ ‌തകർക്കുമെന്ന് ക്രിക്കറ്റ് ലോകം കരുതിയിരുന്ന കോലി ഇപ്പോൾ മൂന്നക്കം തികയ്ക്കാൻ രണ്ട് വർഷത്തോളമായി പരാജയപ്പെടുന്ന കാഴ്‌ചയാണ് കാണാനാവുന്നത്.

സെഞ്ചുറിയില്ലാതെ 100 ക്രിക്കറ്റ് മത്സരങ്ങളാണ് കോലി പൂർത്തിയാക്കിയത്. ഇത് കൂടാതെ മോശം പന്തുകളിൽ പോലും വിക്കറ്റ് നഷ്ടപ്പെടുത്തുന്ന തരത്തിൽ കോലി മാറി എന്നതും ആരാധകരെ നിരാശരാക്കുന്നു. ഐപിഎല്ലിലെ തന്റെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് നിലവിൽ കോലി കടന്നുപോകുന്നത്. 2008ലെ അരങ്ങേറ്റ ഐപിഎല്ലിൽ പോലും ആദ്യ 7 കളികളിൽ 122 റൺസ് കണ്ടെത്തിയ കോലിയ്ക്ക് 2022ൽ 7 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ നേടാനായത് 119 റൺസ് മാത്രമാണ്.

അരങ്ങേറ്റ സീസണിലെ പ്രകടനത്തിലും താഴെയാണ് താരത്തിന്റെ നിലവിലെ പ്രകടനമെന്ന് കണക്കുകൾ പറയുന്നു. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും 50ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ടായിരുന്ന കോലിയുടെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി ഇപ്പോൾ 50ന് താഴെയാണ്. തുടർച്ചയായി മോശം പന്തുകളിൽ പോലും വിക്കറ്റുകൾ വലിച്ചെറിയുമ്പോൾ പഴയ കിങ് കോലിയായി കോലിയെ വീണ്ടും കാണാനാവുമോ എന്നതാണ് ആരാധകർ ഉയർത്തുന്ന ചോദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :