അഭിറാം മനോഹർ|
Last Modified വ്യാഴം, 4 ജനുവരി 2024 (14:49 IST)
ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയെ
ഇന്ത്യ 55 റണ്‍സിന് ചുരുട്ടിക്കെട്ടിയിരുന്നു. പിച്ച് അപ്രവചനീയമായ രീതിയില്‍ പ്രതികരിച്ചതോടെ ആദ്യദിനം മാത്രം 23 വിക്കറ്റുകളാണ് വീണത്. ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കായി തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന നായകന്‍ ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റ് രണ്ടാം ഇന്നിങ്ങ്‌സിലും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റുകളാണ് നഷ്ടമായത്.
ആദ്യ ഇന്നിങ്ങ്‌സില്‍ വെറും 55 റണ്‍സിന് ഓളൗട്ടായ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടാം ഇന്നിങ്ങ്‌സില്‍ ഭേദപ്പെട്ട തുടക്കമാണ് ഡീന്‍ എല്‍ഗാറും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇവര്‍ 37 റണ്‍സ് കൂട്ടിചേര്‍ത്തു. മുഹമ്മദ് സിറാജിനെയും ബുമ്രയെയും മികച്ച രീതിയില്‍ കളിച്ചുകൊണ്ട് മത്സരം ദക്ഷിണാഫ്രിക്ക കൈക്കലാക്കുമെന്ന ഘട്ടത്തില്‍ ബൗളിംഗ് ചേയ്ഞ്ചായി എത്തിയ മുകേഷ് കുമാര്‍ ദക്ഷിണാഫ്രിക്കന്‍ നായകനെ പുറത്താക്കുകയായിരുന്നു. സ്ലിപ്പില്‍ വിരാട് കോലിയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
കോലി ക്യാച്ചെടുത്തതോടെ വിക്കറ്റ് നേട്ടം ആഘോഷിക്കാനായി മുകേഷ് കുമാറും മറ്റ് ടീം അംഗങ്ങളും ഓടിയെത്തിയപ്പോള്‍ എല്‍ഗാറിന്റെ അവസാന ടെസ്റ്റ് മത്സരമാണെന്നും വിക്കറ്റ് ആഘോഷിക്കുന്നതിന് പകരം താരത്തിനോട് ആദരവ് കാണിക്കണമെന്നും കോലി സഹതാരങ്ങളോടും കാണികളോടും ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ എല്‍ഗാറിനരികില്‍ ഓടിയെത്തി ആലിംഗനം ചെയ്താണ് കോലി താരത്തെ മടക്കിയത്. ഇതോടെ മറ്റ് ഇന്ത്യന്‍ താരങ്ങളും എല്‍ഗാറിനെ അഭിനന്ദിക്കാനായി എത്തുകയും ഹസ്തദാനം നല്‍കി മടക്കുകയും ചെയ്തു