'ആ ക്യാച്ച് കോലി മനപ്പൂര്‍വ്വം വിട്ടതാണോ'; കലിപ്പില്‍ ആരാധകര്‍, വിശ്വസിക്കാന്‍ സാധിക്കാതെ അശ്വിന്‍ (വീഡിയോ)

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 12-ാം ഓവറിലാണ് സംഭവം

രേണുക വേണു| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (11:04 IST)

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരെ നോക്കിയാല്‍ അതില്‍ ഉറപ്പായും വിരാട് കോലി ഉണ്ടാകും. ക്യാച്ച്, റണ്‍ഔട്ട് സാധ്യതകള്‍ കോലി വളരെ അപൂര്‍വ്വമായി മാത്രമേ നഷ്ടപ്പെടുത്താറുള്ളൂ. ഇപ്പോള്‍ ഇതാ കോലിയുടെ ഫീല്‍ഡിങ് വീഴ്ചയെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ട്വന്റി 20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ കോലിയുടെ വീഴ്ചയാണ് വിമര്‍ശനത്തിനു കാരണം.

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 12-ാം ഓവറിലാണ് സംഭവം. രവിചന്ദ്രന്‍ അശ്വിനാണ് ഈ ഓവര്‍ ഇന്ത്യക്കായി എറിഞ്ഞത്. ഏദന്‍ മാര്‍ക്രം ഉയര്‍ത്തിയടിച്ച പന്ത് ഡീപ്പ് മിഡ് വിക്കറ്റില്‍ നേരെ കോലിയുടെ അടുത്തേക്ക്. വളരെ അനായാസം കോലി ക്യാച്ചെടുക്കുമെന്ന് തോന്നിയെങ്കിലും അത് നഷ്ടപ്പെട്ടു. സിറ്ററിലൂടെ ക്യാച്ച് എടുക്കാനുള്ള ശ്രമം ലക്ഷ്യം കണ്ടില്ല.

കോലി ക്യാച്ച് നഷ്ടപ്പെടുത്തിയത് കണ്ട് രവിചന്ദ്രന്‍ അശ്വിന്‍ ഞെട്ടി. കോലിയുടെ കയ്യില്‍ നിന്ന് ഈ ക്യാച്ച് എങ്ങനെ നഷ്ടമായെന്നാണ് ആരാധകരുടെ ചോദ്യം.
മാത്രമല്ല കോലി മനപ്പൂര്‍വ്വമാണോ ഈ ക്യാച്ച് നഷ്ടപ്പെടുത്തിയതെന്ന് വരെ ആരാധകര്‍ ചോദിക്കുന്നു. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റാല്‍ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ അസ്തമിക്കും. പാക്കിസ്ഥാന്‍ സെമി കാണാതിരിക്കാന്‍ കോലി മനപ്പൂര്‍വ്വം ക്യാച്ച് വിട്ടതാണെന്ന് പോലും ട്രോളുകളുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :