ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (11:55 IST)
ഇന്ത്യന്‍ ടെസ്‌റ്റ് ടീമിനും ഏകദിന ടീമിനും വ്യത്യസ്‌ത പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ടെസ്‌റ്റിലും ഏകദിനത്തിലും രണ്ട് നായകന്മാര്‍ ഉള്ള സാഹചര്യത്തില്‍ വെവ്വേറെ കോച്ചുമാരെ നിയമിക്കുന്ന കാര്യവും പരിഗണനയില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെസ്‌റ്റിലും ഏകദിനത്തിലും രണ്ട് നായകന്മാര്‍ ഉള്ളപ്പോള്‍ വ്യത്യസ്‌ത പരിശീലകരെ നിയമിക്കുന്നതിലൂടെ ടീമിന്റെ പ്രകടനത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കും. കോച്ചുമാര്‍ക്ക് മത്സരങ്ങള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കാന്‍ വെവ്വേറെ കോച്ചുമാരെ നിയമിക്കുന്നത് വഴി സാധിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. വ്യത്യസ്‌ത നായകന്മാരെ പോലെ ഇന്ത്യന്‍ ടീമിന് വ്യത്യസ്‌ത പരിശീലകന്മാര്‍ എന്ന ആശയത്തില്‍ ചര്‍ച്ച നടത്തുമെന്നും താക്കൂര്‍ പറഞ്ഞു. രവിശാസ്‌ത്രീ ടീം ഡയറക്‌ടര്‍ സ്‌ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‍ക്കു മുന്‍പ് ടീം ഇന്ത്യയുടെ പുതിയ കോച്ചിനെ നിയമിക്കുമെന്നായിരുന്നു ബിസിസിഐയുടെ വാഗ്ദാനം. എന്നാല്‍ പരമ്പരയ്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും കോച്ചിന്റെ തീരുമാനത്തില്‍ തീരുമാനമായില്ല. ട്വന്റി 20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍. ഡങ്കന്‍ ഫ്ലച്ചര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മുഖ്യ പരിശീലകനില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്.