കരീബിയന്‍‌സ് ആഘോഷിക്കട്ടെ; ഇത് അവര്‍ അര്‍ഹിക്കുന്ന ജയം

പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രകടനം നടത്തുന്ന ടീമാണ് വെസ്‌റ്റ് ഇന്‍ഡീസ്

ട്വന്റി-20 ലോകകപ്പ് , വെസ്‌റ്റ് ഇന്‍ഡീസ് , ഇംഗ്ലണ്ട് , ലോകകപ്പ്
ജിബിന്‍ ജോര്‍ജ്| Last Updated: ഞായര്‍, 22 ഏപ്രില്‍ 2018 (18:06 IST)
കളിപ്പാട്ടത്തിനായി കൊതിച്ചിരുന്ന കുട്ടിക്ക് ഒടുവിലത് ലഭിക്കുബോഴുണ്ടാകുന്ന സന്തോഷത്തില്‍ കണ്ണീരും അടക്കാനാവാത്ത ആഹ്ലാദവും സ്വാഭാവികം, ഞായറാഴ്‌ച രാത്രി ക്രിക്കറ്റിന്റെ ഏദന്‍ തോട്ടത്തില്‍ നിന്ന് ട്വന്റി-20 ലോകകപ്പ് കൈപ്പിടിയിലൊതുക്കിയ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം അംഗങ്ങളും അത്തരമൊരു ആഘോഷത്തിമര്‍പ്പിലാണ്. കലിപ്‌സോ സംഗീതത്തിനൊപ്പം ആടിപ്പാടുന്ന വിന്‍ഡീസ് ടീമിന് ആഘോഷിക്കാന്‍ ലഭിച്ച മറ്റൊരു നിമിഷമായിരുന്നു ഈഡനില്‍ നിന്ന് ലഭിച്ച കുട്ടിക്രിക്കറ്റ് കിരീടം.

ക്രിക്കറ്റ് നിരീക്ഷകരുടെയും ആരാധകരുടെയും പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രകടനം നടത്തുന്ന ടീമാണ് വെസ്‌റ്റ് ഇന്‍ഡീസ്. സൂപ്പര്‍ താരങ്ങളുടെ പരിവേഷമില്ലാതെ പരിമിതികളില്‍ ഒത്തുച്ചേരുന്ന പതിനഞ്ചുപേര്‍ അതാണ് വിന്‍ഡീസ് ടീം. ഇവരില്‍ ഒരാള്‍ ഏതുനിമിഷവും പൊട്ടിത്തെറിക്കുമെന്നും അത് ലോകകപ്പിലേക്കുള്ള ചുവടായിരിക്കുമെന്നും നായകന്‍ ഡാരന്‍ സമി പത്രസമ്മേളനത്തില്‍ പറഞ്ഞത് ഒടുവില്‍ പൊന്നാകുകയായിരുന്നു. ലോകകപ്പിനു തൊട്ടു മുമ്പാണ് വിൻഡീസ് 15 അംഗ ടീമിനെ തന്നെ തട്ടിക്കൂട്ടിയത്. 15 അംഗ ടീമിൽ 12 പേരും അവസാന നിമിഷം ടീമിലെത്തിയവർ. ദുബായിയിൽ പേരിനൊരു പരിശീലന ക്യാംപും നടന്നു. അന്ന് താരങ്ങള്‍ക്ക് ജേഴ്‌സി പോലും ഉണ്ടായിരുന്നില്ല. പലരും കൈയില്‍ നിന്ന് പണമെടുത്താണ് ജേഴ്‌സി വാങ്ങിയത്. സൂപ്പര്‍ താരങ്ങളായ കീറോൺ പൊള്ളാർഡ്, സുനിൽ നാരായൺ, ഡാരെൻ ബ്രാവോ എന്നിവർ ടീമിനൊപ്പമില്ല. പക്ഷേ, എപ്പോഴൊക്കെ ടീമിനൊരു ഹീറോ ആവശ്യമായി വന്നോ അപ്പോഴൊക്കെ 15 പേരിൽ ഒരാൾ ആ സ്ഥാനത്തേക്കുയർന്നു. ഒടുവില്‍ കരീബിയന്‍ കരുത്തിന് മുന്നില്‍ ക്രിക്കറ്റ് ലോകം മുട്ടുമടക്കിയപ്പോള്‍ സമിയും സംഘവും ലോകത്തിന്റെ നെറുകയിലെത്തി.

ഫൈനലിലും ‘കലിപ്സോ’ ഇന്ദ്രജാലം

കരുത്തരായ ഇന്ത്യയെ തൂത്തെറിഞ്ഞ് ഫൈനലില്‍ എത്തിയ വെസ്‌റ്റ് ഇന്‍ഡീസിന് ഇംഗ്ലണ്ടിനെ നേരിടേണ്ടിവന്നപ്പോള്‍ യാതൊരു വിറയലും ഉണ്ടായില്ല. ടൂര്‍ണമെന്റില്‍ ബാറ്റിംഗിലും ബോളിംഗിലും പരാജയപ്പെട്ട ഡാരന്‍ സമി അവസാന മത്സരത്തിലും നായകനെന്ന നിലയില്‍ തിളങ്ങിയപ്പോള്‍ ഇംഗ്ലീഷ് നിര തകരുകയായിരുന്നു. ടോസ് നേടി എതിരാളികളെ ബാറ്റിംഗിന് അയച്ച് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടുക എന്ന തന്ത്രം സമി വിജയിപ്പിച്ചു. ഒരു ഘട്ടത്തില്‍ പോലും എതിരാളികളെ അദ്ദേഹം കയറൂരി വിട്ടില്ല. ഫീല്‍ഡിലും ബോളിംഗിലും സഹതാരങ്ങളെ പ്രോത്സാഹിപ്പിച്ചും ആവേശം പകര്‍ന്നും വിന്‍ഡീസിന് കാര്യങ്ങളെല്ലാം അനുകൂലമാക്കി. ഇയോന്‍ മോര്‍ഗനെയും ജോ റൂട്ടിനെയും അടക്കമുള്ള വമ്പന്‍‌മാരെ കെണിയില്‍പ്പെടുത്താനുള്ള കുറുക്കുവഴികള്‍ സമിയുടെ പക്കലുണ്ടായിരുന്നു. തന്റെ തന്ത്രങ്ങള്‍ ബോളര്‍മാര്‍ കൃത്യതയോടെ പാലിച്ചപ്പോള്‍ ഇംഗ്ലീഷ് ബാറ്റിംഗ് 154ല്‍ അവസാനിച്ചു.

ബാറ്റിംഗിലും വിന്‍ഡീസ് തങ്ങളുടെ ശക്തിയില്‍ വിശ്വസിച്ചു. ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയില്‍ ആയിരുന്നുവെങ്കില്‍ സെമിയിൽ ഇന്ത്യയ്ക്കെതിരെ ലെൻഡൽ സിമ്മൺസ് ഒറ്റയ്‌ക്ക് കളി ജയിപ്പിച്ചു. ഫൈനലില്‍ മര്‍ലോണ്‍ സാമുവല്‍‌സ് ഒറ്റയ്‌ക്ക് പട നയിച്ചപ്പോള്‍ അവസാന ഓവറിലുമുണ്ടായിരുന്നു ഒരു ‘കലിപ്സോ’ ഇന്ദ്രജാലം. പത്തൊമ്പത് റണ്‍സ് വേണ്ടിയിരിക്കെ കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ് നേടിയ തുടര്‍ച്ചയായ നാല് സിക്‍സറുകള്‍ ഇംഗ്ലണ്ടിന്റെ കഥ കഴിക്കുകയായിരുന്നു. സമി പറഞ്ഞ പോലെ എപ്പോഴൊക്കെ ടീമിനൊരു ഹീറോ ആവശ്യമായി വന്നോ അപ്പോഴൊക്കെ 15 പേരിൽ ഒരാൾ ആ സ്ഥാനത്തേക്ക് വരുമെന്ന ചൊല്ല് ആവേശപ്പോരിലും അന്വര്‍ഥമായി.

മോര്‍ഗന്റെ പരാജയം

കണക്കു കൂട്ടലുകള്‍ പിഴയ്‌ക്കുന്നത് ക്രിക്കറ്റില്‍ പതിവാണ്, പ്രത്യേകിച്ച് കുട്ടിക്രിക്കറ്റില്‍. ഫൈനലില്‍ ഇംഗ്ലീഷ് നായകന്‍ ഇയോന്‍ മോര്‍ഗന് പിഴച്ചത് വിന്‍ഡീസ് ബാറ്റിംഗിന്റെ അവസാന ഓവറിലായിരുന്നു. അതുവരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ബെൻ സ്റ്റോക്‍സിനെതിരെ ബ്രാത്ത്‌വെയ്‌റ്റ് നേടിയ നാല് സിക്‍സറുകളാണ് ഇംഗ്ലീഷ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. 155 റണ്‍സ് പിന്തുടര്‍ന്ന് വിന്‍ഡീസിന്റെ വിക്കറ്റുകള്‍ ആദ്യ ഓവര്‍ മുതല്‍ വീണപ്പോള്‍ കളി ഇംഗ്ലണ്ടിന്റെ കൈയിലെത്തിയിരുന്നു. സാമുവല്‍‌സ് ഒരു വശത്ത് ഉറച്ചു നിന്നതോടെ വിന്‍ഡീസും ജയം പ്രതീക്ഷിച്ചിരുന്നു. ആറ് വിക്കറ്റുകള്‍ പൊഴിയുകയും അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടതായും വന്നതോടെ ഇംഗ്ലീഷ് നിര ലോകകപ്പ് ജയത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും ബ്രാത്ത്‌വെയ്‌റ്റ് തരിപ്പണമാക്കുകയും വിന്‍ഡീസിന്റെ ഹീറോ ആകുകയുമായിരുന്നു. ഒരു നിമിഷം കൊണ്ട് സ്‌റ്റോക്‍സ് ഇംഗ്ലണ്ടിന്റെ കൈയില്‍ ഭദ്രമായിരുന്ന ജയം കരീബിയന്‍ കരുത്തിന് സമ്മാനിക്കുകയും ചെയ്‌തു.

കരീബിയന്‍‌സ് തീര്‍ച്ചയായും ആഘോഷിക്കണം

കരീബിയന്‍ രാജ്യങ്ങളെ ഒരു കുടക്കീഴില്‍ നിലനിര്‍ത്തുന്ന വിന്‍ഡീസ് ക്രിക്കറ്റ് ഈ ജയം തീര്‍ച്ചയായും ആഘോഷിക്കണം. പാട്ടും ഡാന്‍‌സും എല്ലാം എഴുകിച്ചേര്‍ന്നതാണ് അവരുടെ ക്രിക്കറ്റ്. വിക്കറ്റുകള്‍ നേടുബോഴും റണ്‍സുകള്‍ കണ്ടെത്തുബോഴും
ഇതുപോലെ ആഘോഷിക്കുന്ന മറ്റൊരു ടീമും ലോകത്തില്ല. ടൂര്‍ണമെന്റില്‍ അഫ്‌ഗാനിസ്ഥാനോട് മാത്രമാണ് വിന്‍ഡീസ് തോറ്റതെങ്കിലും അവര്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷിക്കാനും ഗെയിലും സംഘവും സമയം കണ്ടെത്തി. പണക്കൊതിയന്‍‌മാരെന്നും കളിക്കാന്‍ അറിയിത്തില്ലാത്തവരെന്നുമുള്ള ചീത്തപ്പേരുകള്‍ അവര്‍ തിരുത്തിക്കുറിച്ചു. സ്വന്തം ബോര്‍ഡുമായുള്ള പിണക്കങ്ങളും പ്രതിഫലത്തര്‍ക്കങ്ങളും കരീബിയന്‍ കരുത്തിനെ തടയാനാകാതെ വന്നതോടെ വിന്‍ഡീസ് വീണ്ടും ചാമ്പ്യന്‍‌മാരായി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :