അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (18:33 IST)
ഐസിസി ടി20 റാങ്കിങ്ങിൽ പാകിസ്ഥാൻ നായകൻ ബാബർ അസമിൻ്റെ ഒന്നാം റാങ്കിന് വെല്ലുവിളി ഉയർത്തി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. ബാറ്റർമാരുടെ പുതിയ ഐസിസി ടി20 റാങ്കിങ്ങിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സൂര്യകുമാർ രണ്ടാം സ്ഥാനത്തേക്കുയർന്നു. വിൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ 76 റൺസെടുത്തതിന് പിന്നാലെയാണ് സൂര്യകുമാറിൻ്റെ റാങ്കിങ്ങിലെ കുതിപ്പ്.
നിലവിൽ ഒന്നാം സ്ഥാനത്തുള്ള പാക് നായകൻ ബാബർ അസമുമായി വെറും രണ്ട് റേറ്റിങ് പോയിൻ്റിൻ്റെ വ്യത്യാസം മാത്രമാണ് സൂര്യകുമാർ യാദവിനുള്ളത്. ബാബർ അസമിന് 818 റേറ്റിങ് പോയൻ്റും സൂര്യകുമാറിന് 816 പോയിൻ്റുമാണുള്ളത്. വിൻഡീസിനെതിരെ 2 ടി20 മത്സരങ്ങൾ കൂടി ശേഷിക്കുന്നതിനാൽ സൂര്യകുമാർ റാങ്കിങ്ങിൽ ഒന്നാമതെത്താൻ സാധ്യതയേറെയാണ്.
അതേസമയം നിലവിലെ ടി20 ബാറ്റിങ് റാങ്കിങ്ങിൽ സൂര്യകുമാർ യാദവല്ലാതെ മറ്റ് ഇന്ത്യൻ ബാറ്റർമാരാരും തന്നെ ആദ്യ 10ൽ ഇല്ല. പതിനാലാം സ്ഥാനത്തുള്ള ഇഷാൻ കിഷനും പതിനാറാ സ്ഥാനത്തുള്ള രോഹിത് ശർമയുമാണ് ആദ്യ 20ൽ ഇടം നേടിയ മറ്റ് ഇന്ത്യൻ ബാറ്റർമാർ. പുതിയ റാങ്കിങ്ങിൽ 28ആം സ്ഥാനത്താണ് മുൻ ഇന്ത്യൻ നായകനായ വിരാട് കോലി.