രാജ്‌കോട്ട്|
ജിയാന്‍ ഗോണ്‍സാലോസ്|
Last Updated:
ശനി, 17 ഒക്‌ടോബര്‍ 2015 (15:52 IST)
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ടൂര്‍ ഏറ്റവും നിര്‍ണായകമായിരുന്നത് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കായിരുന്നു. എന്നാല്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയിത്തിലെത്തിച്ച ധോണി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു. എന്നാല്‍, കുറച്ചു നാളുകളായി ടീം ഇന്ത്യയില്‍ പരാജയമുഖവുമായി തുടരുന്ന താരമായ മധ്യനിര താരം സുരേഷ് റെയ്‌നയ്‌ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാകും.
ടീമിലും ബിസിസിഐയിലും ധോണിക്ക് പഴയ ശക്തിയൊന്നുമില്ലാത്തതിനാല്‍ ഇഷ്‌ടതാരവും ‘ ഓള്‍ റൌണ്ടര്‍ ’ എന്ന ലേബല്‍ മാത്രമുള്ള രവിന്ദ്ര
ജഡേജ ടീമിന് പുറത്തായത് റെയ്‌നയ്‌ക്ക് ഭീഷണിയായി തുടരുകയാണ്. ഏകദിന ക്രിക്കറ്റ് ടീമിലെ അഭിഭാജ്യഘടകമായിരുന്ന റെയ്‌നയ്‌ക്ക് ഇന്നും തൊട്ടതെല്ലാം പിഴയ്‌ക്കുകയാണ്. പഴയ തിളക്കമൊന്നും ഇപ്പോള്‍ താരത്തിനില്ല. മോശം ഫോം തുടരുകയാണ്. മികച്ച ഫീല്‍ഡര്‍ എന്ന പദവിക്ക് ഇളക്കം തട്ടുകയാണ്. മധ്യനിരയില്‍ എത്തി സ്‌കോര്‍ ഉയര്‍ത്താനും തകര്‍ത്തടിക്കുന്നതിനും റെയ്‌ന പരാജയമാകുന്നത് ധോണിക്ക് പോലും നോക്കി നില്‍ക്കാനെ സാധിച്ചുള്ള.
പരിമിത ഓവറില്‍ മികച്ചു നിന്ന താരമായ റെയ്‌നയ്‌ക്ക് അടുത്തകാലത്ത് ഒന്നും തന്നെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഒരു അഭ്യാസിയെ പോലെ ഫീല്‍ഡില്‍ പറന്നു നടന്ന് ഫീല്‍ഡിംഗ് നടത്തിയ താരത്തിന് ഇപ്പോള്‍ ശനിദിശയാണ്. ക്രീസിലെത്തിയാല്‍ എതിരാളികളില്‍ വളരെ വേഗം മേല്‍ക്കൊയ്‌മ സ്ഥാപിക്കുന്നതിലും സ്‌കേര്‍ ഉയര്‍ത്തുന്നതിലും പരാജയമാകുന്നതും ശ്രദ്ധേയമാണ്. മികച്ച സ്‌കോര്‍ നേടുന്നതിലും പരാജയപ്പെടുന്നു.
25മുതല്‍ 40വരെയുള്ള ഓവറുകളില്‍ പന്ത് ഏല്‍പ്പിക്കാന്‍ മറ്റുമായിരുന്ന ബോളര്‍ കൂടിയായിരുന്നു റെയ്‌ന. നിലയുറപ്പിച്ച എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി വിക്കെറ്റെടുക്കുന്നതിലും മികവ് കാട്ടിയിരുന്നു. ബോളിംഗില്‍ പരാജയമായാല്‍ ബാറ്റിംഗില്‍ ആ കുറവ് പരിഹരിക്കുന്നതിലും റെയ്‌ന മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ബോളിംഗിലും ബാറ്റിംഗിലും പരാജയമാകുകയായിരുന്നു ഈ ഉത്തര്‍പ്രദേശുകാരന്‍.
ഏകദിനത്തില്‍ ഇന്ത്യക്കായി 200ലധികം കളികളില്‍ പാഡ് കെട്ടിയ താരമാണ് സുരേഷ് റെയ്‌ന. എന്നാല്‍ കഴിഞ്ഞ പത്ത് ഇന്നിംഗ്‌സുകളില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. ബംഗ്ലാദേശിനെതിരെ സെഞ്ചുറി (107*) നേടിയതുമാത്രമാണ് ഉയര്‍ത്തിക്കാട്ടാന്‍ പറ്റുന്ന പ്രകടനം. അവസാന പത്ത് ഇന്നിംഗ്‌സുകളില്‍ 36.1 ആണ് റെയ്‌നയുടെ ശരാശരി. 220 ഏകദിനങ്ങളില്‍ 35.73 ശരാശരിയില്‍ 5503 റണ്‍സാണ് ഈ മധ്യനിര ബാറ്റ്‌സ്‌മാന്റെ നേട്ടം. ഇതില്‍ അഞ്ച് സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. 116 റണ്‍സാണ് ഉയര്‍ന്ന സ്‌കേര്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളില്‍ പരാജയമായിരുന്നു ഈ റെയ്‌ന. കാണ്‍പുര്‍ ഏകദിനത്തില്‍ മൂന്നും ഇന്‍ഡോര്‍ ഏകദിനത്തില്‍ ഡക്കുമായിരുന്നു സബാദ്യം. വരും മത്സരങ്ങളില്‍ തന്റെ പഴയ കാലത്തിന്റെ നിഴലാട്ടമെങ്കിലും നടത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ടീമിലെ നില നില്‍പ്പ് തന്നെ അവതാളത്തിലാകും.