'എപ്പോഴും മാസ്‌ക് ധരിക്കാനൊന്നും പറ്റില്ല'; പന്തിനെ പിന്തുണയ്ക്കാന്‍ വിചിത്രവാദവുമായി ഗാംഗുലി

രേണുക വേണു| Last Modified വെള്ളി, 16 ജൂലൈ 2021 (15:40 IST)

കോവിഡ് ബാധിതനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ പിന്തുണച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ട് പര്യടനത്തിനു പോയ ഇന്ത്യന്‍ ടീമില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ റിഷഭ് പന്താണ്. ഇംഗ്ലണ്ടില്‍വച്ച് യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ പോയ പന്ത്, മാസ്‌ക് പോലും ധരിക്കാതെ ഗാലറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പന്തിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഈ ചിത്രവുമായി ബന്ധപ്പെടുത്തി നിരവധി വിമര്‍ശനങ്ങളും ട്രോളുകളും വരുന്നുണ്ട്. മാസ്‌ക് പോലും ധരിക്കാതെ അശ്രദ്ധയോടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നതുകൊണ്ടാണ് പന്തിന് കോവിഡ് വന്നതെന്നാണ് വിമര്‍ശനം. ഇതിനിടയിലാണ് ഗാംഗുലി പന്തിനെ പിന്തുണച്ച് രംഗത്തെത്തിയത്.

എപ്പോഴും മാസ്‌ക് ധരിക്കുക പ്രായോഗികമല്ലെന്ന് ഗാംഗുലി പറയുന്നു. ഇംഗ്ലണ്ടില്‍ നടന്ന യൂറോ കപ്പ് മത്സരങ്ങളും വിംബിള്‍ഡണ്‍ മത്സരങ്ങളും കാണാന്‍ വന്‍തോതില്‍ കാണികളെ അനുവദിച്ചിരുന്നതായും ആ സമയത്ത് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് അവധിയായിരുന്നെന്നും ഗാംഗുലി പറയുന്നു. താരങ്ങള്‍ യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ പോയതില്‍ തെറ്റില്ലെന്നാണ് ഗാംഗുലി പറയുന്നത്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :