സഞ്ജു പൊട്ടിത്തെറിച്ചു, റെയ്ന പെയ്തിറങ്ങി; കടുവകള്‍ നനഞ്ഞു വിറച്ചു

ചെന്നൈ| VISHNU N L| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (17:40 IST)
സെഞ്ചുറിയുമായി ഇന്ത്യന്‍ താരം സുരേഷ് റെയ്നയും അര്‍ധ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണും തിളങ്ങിയപ്പോള്‍ ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പര 2-1നു ഇന്ത്യ എ സ്വന്തമാക്കി. മഴ തടസപ്പെടുത്തിയ മൂന്നാം മൽസരത്തിൽ സീനിയർ ടീം താരങ്ങളങ്ങിയ ബംഗ്ലദേശ് എ ടീമിനെ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം 75 റണ്‍സിന് തകർത്താണ് ഇന്ത്യ എ പരമ്പര സ്വന്തമാക്കിയത്.

മഴമൂലം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 32 ഓവറില്‍ 217 റണ്‍സായി പുനര്‍ നിര്‍ണയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ എയ്ക്കെതിരെ 32 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുക്കാനെ ബംഗ്ലേദേശിനായുള്ളൂ. ആദ്യം ബാറ്റുചെയ്ത് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തിരുന്നു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ മയാങ്ക് അഗര്‍വാളിനെ(4) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദും(41) സഞ്ജുവും ചേര്‍ന്ന് കരകയറ്റി.

വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജു രണ്ടാം വിക്കറ്റില്‍ ഉന്‍മുക്ത് ചന്ദിനൊപ്പം 82 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍ ഉന്‍മുക്ത് പുറത്തായശേഷമെത്തിയ യഥാര്‍ഥ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ കുതിച്ചു. 94 പന്തില്‍ 104 റണ്‍സെടുത്ത റെയ്നും 99 പന്തില്‍ 90 റണ്‍സെടുത്ത സഞ്ജുവും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 116 റണ്‍സാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. വാലറ്റത്ത് റിഷി ധവാന്‍(15 പന്തില്‍ 26 നോട്ടൗട്ട്) നടത്തിയ വെടിക്കെട്ട് ഇന്ത്യയെ 300ന് അടുത്തെത്തിച്ചു.

ഇന്ത്യയുയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് തുടക്കത്തിൽതന്നെ തിരിച്ചടിയേറ്റു. നാലു റൺസ് എടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലദേശിന് പിന്നീട് തിരിച്ചുവരാനായില്ല. ഇടയ്ക്ക് മഴയെത്തിയെങ്കിലും മഴദൈവങ്ങളും അവരെ തുണച്ചില്ല. 52 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്ന സാബിർ റഹ്മാനാണ് അവരുടെ ടോപ്സ്കോറർ. നായകൻ മോമിനുൽ ഹഖ് (37), നാസിർ ഹുസൈൻ (22), ലിറ്റൺ ദാസ് (21) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.

ഇന്ത്യയ്ക്കായി അരവിന്ദ്, കുൽദീപ് യാദവ് എന്നിവർ രണ്ടും ധവാൽ കുൽക്കർണി, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ബംഗ്ലദേശിനായി ഷാഫിയുൽ ഇസ്‌ലാം രണ്ടു വിക്കറ്റ് വീഴ്ത്തി. ഇന്ത്യ ജയിച്ച ആദ്യ ഏകദിനത്തില്‍ സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. എന്നാല്‍ പരമ്പരയിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച പേസ് ബോളർ ശ്രീനാഥ് അരവിന്ദ്, ഗുർകീരത് സിങ് എന്നിവർക്ക് ഇന്ന് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിച്ചു. അതേ സമയം, മികച്ച പ്രകടനം കാഴ്ചവച്ചിട്ടും മലയാളിതാരം സഞ്ജു സാംസണ് ടീമിൽ ഇടംലഭിക്കാതെ പോയത് നിരാശയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :