അവന് അത്രയും വിലപ്പെട്ടതായിരുന്നു അത്: എനിക്ക്കണ്ണീരടക്കാനായില്ല: കോലി നൽകിയ അമൂല്യസമ്മാനത്തെ പറ്റി സച്ചിൻ

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (12:45 IST)
കളിമികവ് കൊണ്ട് ഇന്ത്യയിലെ കോടി കണക്കിന് ജനങ്ങൾ ഒരു വികാരമായി നെഞ്ചേറ്റിയ താരമായിരുന്നു ടെൻഡുൽക്കർ. എത്രയെത്ര ഓർമകളാണ് സച്ചിൻ ഒരു ഇന്ത്യക്കാരന് നൽകിയിരിക്കുന്നത് എന്ന് ചോദിക്കുകയാണെങ്കിൽ എണ്ണിയാലൊതുങ്ങാത്ത നിമിഷങ്ങളാണ് 24 വർഷങ്ങളോളം നീണ്ട കരിയറിൽ സച്ചിൻ ആരാധകർക്ക് സമ്മാനിച്ചത്.

സച്ചിൻ തന്റെ കരിയറിൽ ഏറ്റവും ആസ്വദിച്ചിരിക്കുക 2011ലെ ഏകദിന ലോകകപ്പ് വിജയമായിരിക്കും. ഏറെകാലം നീണ്ട തന്റെ ക്രിക്കറ്റ് കരിയറിൽ ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയ നിമിഷം ആ മനുഷ്യന്റെ ഏറ്റവും ഇഷ്‌ടനിമിഷമായിരിക്കുമെന്നുറപ്പ്. ഇപ്പോഴിതാ ഒന്നിച്ച് കളിച്ചിരുന്ന സമയത്ത് വിരാട് കോലിയുമായുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് സച്ചിൻ.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഗ്രഹാം ബെന്‍ സിംഗറുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വികാരനിര്‍ഭരമായ ആ ഓര്‍മ സച്ചിന്‍ പങ്കുവെച്ചത്. 2013ൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ എന്റെ കരിയറിലെ അവസാന ടെസ്റ്റും കളിച്ച്
ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയതായിരുന്നു ഞാന്‍. കണ്ണീരടക്കാനാവാതെയാണ് ഞാന്‍ ഔട്ടായി ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയത്.

ഇനിയൊരിക്കലും ഇന്ത്യൻ കുപ്പായത്തിൽ ബാറ്റിങ്ങിനിറങ്ങില്ലെന്ന ചിന്ത എന്നെ സങ്കടകടലിലാഴ്‌ത്തി. അതിനാൽ തന്നെ പുറത്തായശേഷം ഡ്രസ്സിംഗ് റൂമിലെ ഒരു മൂലയില്‍ തലയില്‍ ടവലിട്ട് വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ആ സമയത്ത് വിരാട് എന്റെ അരികിലെത്തി.


അദ്ദേഹത്തിന്‍റെ അച്ഛന്‍ കെട്ടിക്കൊടുത്ത പാവനമായി അദ്ദേഹം കരുതുന്ന ഒരു ചരട് എന്‍റെ കൈയില്‍ തന്നു. അത് ഞാന്‍ കുറച്ചുനേരം എന്റെ കയ്യിൽ മുറുകെ പിടിച്ചു. ഞാൻ ഉടനെ തന്നെ അത് അദ്ദേഹത്തിന് തിരികെ നൽകി.ഇത് അമൂല്യമായ ഒന്നാണെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. ഇത് നിന്‍റെയാണ്, വേറെ ആരുടെയുമല്ല, നിന്‍റെ അവസാനശ്വാസം വരെ നീ ഇത് കൈയില്‍ വെക്കണം എന്ന് പറഞ്ഞുകൊണ്ട് അത് ഞാൻ തിരിച്ചേൽപ്പിച്ചു. വികാരനിർഭരമായ നിമിഷമായിരുന്നു അത്. എന്‍റെ ജീവിതത്തില്‍ ഓര്‍മയുള്ളിടത്തോളം കാലം ആ നിമിഷം എന്‍റെ മനസിലുണ്ടാവും സച്ചിൻ പറഞ്ഞു.

രണ്ട് വർഷം മുൻപ് ഇതേ പരിപാടിയിൽ കോലി ഈ നിമിഷം ഓർത്തെടുത്തിരുന്നു.എന്‍റെ അച്ഛന്‍ എനിക്ക് തന്ന അമൂല്യനിധിയായിരുന്നു അത്. ചെറുപ്പം മുതലെ ഞങ്ങള്‍ കൈയില്‍ ചരട് കെട്ടുന്ന പതിവുണ്ടായിരുന്നു. അങ്ങനെ എനിക്ക് അച്ഛന്‍ കെട്ടിത്തന്നതാണ് അത്. അതിനെക്കാള്‍ വിലകൂടിയ ഒന്നും എന്‍റെ ജീവിതത്തിലില്ല. ആ ചരട് എവിടെ പോയാലും എന്റെ ബാഗിലുണ്ടാകും.

സച്ചിനോടുള്ള ആദരവും ആരാധനയും കാരണമാണ് ഞാൻ ആ ചരട് നൽകാൻ തീരുമാനിച്ചത്. അതിലെനിക്ക് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല.ഇത് എന്‍റെ ചെറിയ സമ്മാനമാണെന്ന് പറഞ്ഞായിരുന്നു ഞാനത് അദ്ദേഹത്തിന് നല്‍കിയത്. കാരണം, സച്ചിന്‍ ഞങ്ങള്‍ക്ക് ആരായിരുന്നുവെന്നും ഞങ്ങളെയൊക്കെ എത്രമാത്രം പ്രചോദിപ്പിച്ചിരുന്നുവെന്നും എനിക്കറിയാമായിരുന്നു-കോലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :